കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കിടയിൽ കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിച്ച് വേദിയിലിരുന്ന മുൻ ഇടതുസ്ഥാനാർഥി കൂടിയായ ഡോ. ജോ ജോസഫ്. മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കെയാണ് സദസ്സിന്റെ പിന്നിലിരുന്ന പത്തനംതിട്ട സ്വദേശിയായ സജി കുഴഞ്ഞുവീണത്.

To advertise here,

സജിയെ കസേരയിലിരുത്തി ആളുകൾ സ്റ്റേജിനു പിന്നിലേക്ക് എത്തിച്ചു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ. ജോ ജോസഫ് വേദിയിൽനിന്നിറങ്ങി സ്റ്റേജിന് പിന്നിലേക്ക് ചെന്നു.

കുഴഞ്ഞുവീണയാൾ ബോധരഹിതനാണെന്നു കണ്ട് ഡോക്ടർ സിപിആർ നൽകി. മൂന്നുതവണ സിപിആർ ആവർത്തിച്ചതോടെ രോഗി സ്വയം ശ്വസിക്കാൻ തുടങ്ങി. ഇതോടെ മുഖ്യമന്ത്രിക്ക് അകമ്പടിയായി വന്ന ആംബുലൻസിൽ തന്നെ ഇദ്ദേഹത്തെ ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോ. ജോ ജോസഫും ആംബുലൻസിൽ ഒപ്പം കയറി.

ആശുപത്രിയിലെ പ്രാഥമിക പരിശോധനകൾക്കു ശേഷം ഡോ. ജോ ജോസഫ് തന്നെ രോഗിയോട് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കി. ജോലി ആവശ്യത്തിനായി പത്തനംതിട്ടയിൽനിന്ന് എത്തിയതാണെന്ന് സജി പറഞ്ഞു. കൊച്ചിയിലുള്ള അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിച്ചുവരുത്താനും ബന്ധുക്കളെ വിവരമറിയിക്കാനും ഡോക്ടർ നിർദേശം നൽകി. രോഗി അപകടഘട്ടം തരണംചെയ്തു എന്ന് ഉറപ്പുവരുത്തിയശേഷമാണ് ഡോ. ജോ ജോസഫ് സമ്മേളനസ്ഥലത്തേക്ക് മടങ്ങിയെത്തിയത്. തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായിരുന്നു ഡോ. ജോ ജോസഫ്.