തിരുവനന്തപുരം: തമാശയ്ക്കാണ് മദ്യത്തിന് കുറിപ്പടിയെഴുതി നല്‍കിയതെന്ന് മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച ഡോക്ടറുടെ മറുപടി. വൈറലായ കുറിപ്പടി എഴുതിയ  കൊച്ചി പറവൂരിലെ ഡോക്ടര്‍ എം.ഡി രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് എക്‌സൈസ് പോലീസിനോട് നിര്‍ദ്ദേശിച്ചു. തമാശയ്ക്ക് കുറിപ്പടിയെഴുതി അത് വാട്‌സാപ്പില്‍ പോസ്‌ററ് ചെയ്യുകയായിരുന്നുവെന്നാണ് ഡോക്ടറുടെ മൊഴി. 

To advertise here,

ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഇതിനു പിന്നാലെയാണ് ആയൂര്‍വ്വേദ ഡോക്ടറായ രഞ്ജിത്ത് കുറിപ്പടിയെഴുതിയത്. 

ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണത്തിന് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്നായിരുന്നു കുറിപ്പടി. 48കാരനായ പുരുഷോത്തമന്‍ എന്നയാള്‍ക്ക് മദ്യം നല്‍കാനായിരുന്നു കുറിപ്പടി.  ഈ കുറിപ്പടി സുഹൃത്തുക്കള്‍ക്ക്  അയച്ചു കൊടുത്തതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.  

ഇതോടെ സംഭവത്തെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിനിടെയാണ് തമാശയ്ക്ക് ചെയ്തതാണെന്ന വിശദ്ദീകരണം ഡോക്ടര്‍ നല്‍കിയത്. അങ്ങനെ ഒരു രോഗി വരുകയൊ കുറിപ്പടി നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. 

Content highlight: Doctor gave prescription for alcohol