കോഴിക്കോട്: ‘‘ഞങ്ങൾ മഫ്തിയിലായിരുന്നു. കയറിച്ചെല്ലുമ്പോൾ റിസപ്ഷനിലുണ്ടായിരുന്നത് രണ്ട് സ്ത്രീകൾ. സ്പാ, മസാജ് ഏത് സർവീസ് വേണമെന്ന് ചോദ്യം. പേമെന്റിലേക്ക് കടക്കും മുൻപ് കസ്റ്റമർക്ക് എക്സ്ട്രാ സർവീസ് വേണമോയെന്നായി. എക്സ്ട്രാ സർവീസിനൊരുക്കമെങ്കിൽ രണ്ടോ മൂന്നോ സ്ത്രീകൾ മുന്നിലെത്തും. ആളെ തിരഞ്ഞെടുത്താൽ നേരേ സ്വകാര്യ മുറിയിലേക്ക്’’ -കോഴിക്കോട്ടെ സ്പാകളിൽ റെയ്ഡിൽ പങ്കെടുത്ത പോലീസുകാരന്റെ വാക്കുകൾ...
കോഴിക്കോട് മാത്രമല്ല, സംസ്ഥാനമൊട്ടാകെയുള്ള അനധികൃത സ്പാ, മസാജ് സെന്ററുകളുടെ നടത്തിപ്പ് രീതിയാണിത്. അറിഞ്ഞുകൊണ്ടും അറിയാതെ പോയി പെടുന്നവരുമേറെ. ഇത്തരം കേന്ദ്രങ്ങളിലൊന്നും മസാജിലൂടെ വേദനമാറുമെന്ന പ്രതീക്ഷയോടെ ആരും കടന്നുചെല്ലരുത്. എല്ലാം പക്കാ അനാശാസ്യകേന്ദ്രങ്ങളെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുണ്ട്. അനാശാസ്യപ്രവർത്തനങ്ങൾ നടത്തിയതായി വ്യക്തമായ നാല് സ്പാകളാണ് കഴിഞ്ഞദിവസം പോലീസ് പൂട്ടിച്ചത്.
പോലീസല്ലാതെ, ഇത്തരം കേന്ദ്രങ്ങളുടെ നിയന്ത്രണങ്ങൾക്കും മേൽനോട്ടങ്ങൾക്കും ഫലപ്രദമായ മറ്റ് സംവിധാനങ്ങളൊന്നുമില്ലാത്തതാണ് നിയമത്തെ വെല്ലുവിളിച്ചുള്ള ഇത്തരം പ്രവൃത്തികൾക്ക് വളമാകുന്നത്.
ലൈസൻസിലെ കല്ലുകടി
യുണീസെക്സ് സ്പാ- കോഴിക്കോട് നഗരപരിധിയിലും നിറയെ സ്പാ കേന്ദ്രങ്ങളുടെ പരസ്യങ്ങളാണ്. ഫോൺനമ്പർ വെച്ചുള്ള ഇത്തരം കേന്ദ്രങ്ങളുടെ പരസ്യങ്ങൾ പതിയാത്ത ഒരു വൈദ്യുതപോസ്റ്റോ പാലമോ നഗരത്തിലുണ്ടാവില്ല.
ആരാണ് സ്പാ, മസാജ് സെന്ററുകൾക്ക് ലൈസൻസ് നൽകുന്നത്? ലൈസൻസിനും പ്രവർത്തനത്തിനുമായി ഉറപ്പുവരുത്തേണ്ടതെന്തൊക്കെ?. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ആർക്കും കാര്യമായ പിടിയില്ല. സ്പാ, മസാജ് സെന്റുകൾ തുടങ്ങുന്നവർ അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നാണ് ലൈസൻസ് നേടേണ്ടത്. ഇത്തരം സെന്ററുകൾക്ക് പ്രത്യേക ലൈസൻസില്ല. വാണിജ്യാവശ്യത്തിനായുള്ള സ്ഥാപനങ്ങൾക്കുള്ള ലൈസൻസാണ് നൽകുക. സ്വാഭാവികമായി എത്തുന്ന അപേക്ഷകൾ അതത് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തി ലൈസൻസ് നൽകുമെന്ന് കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ പറഞ്ഞു. സ്പാ, മസാജ് സെന്റുകൾ ആരംഭിക്കാൻ ഒരുപാട് പുതിയ അപേക്ഷകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസാജ് സൗകര്യമടക്കമുള്ള ആയുർവേദ ക്ലിനിക്കുകൾക്ക് മാത്രമാണ് ഭാരതീയ ചികിത്സാവകുപ്പ് ലൈസൻസ് നൽകുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.എം. സിനി പറഞ്ഞു. ചികിത്സയില്ലാതെ സ്വകാര്യസ്ഥാപനങ്ങൾ തുടങ്ങുന്നതിന് മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ല. സ്പാ, മസാജ് സ്ഥാപനങ്ങളൊന്നും ക്ലിനിക്കൽ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതല്ല. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ വരുന്നുണ്ട്.
പരാതിവന്നാൽ മെഡിക്കൽ കൗൺസിലിലേക്കും അതത് തദ്ദേശസ്ഥാപനങ്ങളിലേക്കും പരാതി ഫോർവേഡ് ചെയ്യുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനാകില്ല. ആയുർവേദം, സിദ്ധ, നാച്ചുറോപ്പതി എന്നിവയുമായി ബന്ധപ്പെട്ട ലൈസൻസുകളാണ് ഭാരതീയ ചികിത്സാവകുപ്പ് കൈകാര്യംചെയ്യുന്നത്.
നിശ്ചിത യോഗ്യതയുള്ള ഡോക്ടർമാരുടെയും തെറപ്പിസ്റ്റുകളുടെയും സേവനം ഉറപ്പുവരുത്തിയാണ് ലൈസൻസ് നൽകുന്നതെന്ന് അവർ പറഞ്ഞു.
Published: 22 Oct 2026, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented