കോഴിക്കോട്: കക്കുകളി നാടകത്തിനെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങി താമരശ്ശേരി രൂപത. ക്രൈസ്തവ സന്യാസത്തേയും കത്തോലിക്കാ സമൂ​ഹത്തേയും അത്യന്തം അപകീർത്തിപ്പെടുത്തുന്നതാണ് നാടകമെന്നും ആരോപണം. ഇതുസംബന്ധിച്ചുള്ള പ്രസ്താവന രൂപത പുറത്തുവിട്ടു. 

To advertise here,

ശനിയാഴ്ച നാടകം പ്രദർശിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന് അടുത്തുള്ള എടച്ചേരിയിൽ സമരം നടത്താനാണ് രൂപതയുടെ തീരുമാനം. രൂപതയിലെ സന്യസ്ത പ്രതിനിധികളും അൽമായ പ്രതിനിധികളും യുവജനങ്ങളും താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കും.

നാടകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് പ്രതിഷേധങ്ങളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടും നിഷേധാത്മകമായ സമീപനമാണ് സംസ്ഥാനത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമങ്ങളും പ്രകടിപ്പിച്ചിട്ടുള്ളതെന്ന് പ്രസ്താവനയില്‍ പറയുന്നു. നാടകത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചില സംഘടനകള്‍ അണിയറപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതായാണ് മനസ്സിലാകുന്നത്. ഇവര്‍ ക്രൈസ്തവ സമൂഹത്തെയും കത്തോലിക്കാ സന്യാസത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയിലുണ്ട്.