കാലടി(എറണാകുളം): കലാപഠനവും ചരിത്രഗവേഷണവും ലക്ഷ്യമിട്ടാണ് നെവിന്‍ ഡാല്‍വിന്‍ (28) എട്ടുകൊല്ലം മുന്‍പ് ഡല്‍ഹിക്ക് പുറപ്പെട്ടത്. ആ സ്വപ്നങ്ങളൊക്കെയും ഡല്‍ഹിയില്‍ രാജേന്ദ്രര്‍ നഗറിലെ റാവൂസ് ഐ.എ.എസ്. അക്കാദമിയില്‍ വെള്ളം കയറിയുണ്ടായ ദുരന്തത്തില്‍ മുങ്ങിപ്പോയി. നെവിനടക്കം മൂന്നു പേരാണ് മുങ്ങിമരിച്ചത്. മകന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് കുടുംബാംഗങ്ങള്‍. പള്ളിയിലെ പ്രാര്‍ഥനയ്ക്കിടയിലായിരുന്നു കാലടിയിലെ നീലീശ്വരത്തുള്ള കുടുംബാംഗങ്ങള്‍ നെവിന്റെ മരണവിവരം അറിയുന്നത്.

To advertise here,

ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട് കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജിയില്‍ എം.എ. കലാ ചരിത്രപഠനം പൂര്‍ത്തിയാക്കിയ നെവിന്‍ ജെ.എന്‍.യു. സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്‍ഡ് ഏസ്തറ്റിക്‌സില്‍ എം.ഫിലിനുശേഷം പിഎച്ച്.ഡി. ആരംഭിച്ചു. ഗവേഷണത്തോടൊപ്പമായിരുന്നു സിവില്‍ സര്‍വീസ് പരിശീലനം.

കാലടിക്കുസമീപം നീലീശ്വരത്തെ ലാന്‍സ് വില്ലയില്‍ റിട്ട. ഡിവൈ.എസ്.പി. ഡെല്‍വിന്‍ സുരേഷിന്റെയും കാലടി സംസ്‌കൃത സര്‍വകലാശാലയിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുന്‍ മേധാവിയുമായ ഡോ. ടി.എസ്. ലിന്‍സ്ലെറ്റിന്റെയും മകനാണ്.

സഹോദരി നെസി ഡാല്‍വിന്‍ മാറമ്പിള്ളി എം.ഇ.എസ്. കോളേജ് അധ്യാപികയാണ്. തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ കുടുംബം 2014- ലാണ് നീലീശ്വരത്ത് താമസമാക്കിയത്. നെവിന്റെ അമ്മയുടെ സഹോദരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. പോസ്റ്റ്‌മോര്‍ട്ടം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. മൃതദേഹം വൈകീട്ട് 8.45-ന് തിരുവനന്തപുരം ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ അയക്കും. സംസ്‌കാരം പിന്നീട്.