ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തസ്സംസ്ഥാനപാതയിൽ കൂട്ടുപുഴ അതിർത്തി പോലീസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ പുഴയിൽചാടി രക്ഷപ്പെടാൻ ശ്രമിക്കവെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ കാപ്പ കേസ് പ്രതിയുടെ മൃതദേഹം ബാരാപോൾ പുഴയിൽ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമി(30)ന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്.

To advertise here,

കിളിയന്തറ 32-ാം മൈലിൽ മുടയരഞ്ഞിക്കടവിൽ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. കടവിൽ ചൊവ്വാഴ്ച രാവിലെ അലക്കാനും കുളിക്കാനുമെത്തിയവർ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ ഇരിട്ടി ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണൻ, എസ്‌ഐമാരായ എ.ഷറഫുദ്ദീൻ, എം.ജെ ബെന്നി എന്നിവയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

ഇരിട്ടി അഗ്നിരക്ഷാസേനയുടേയും വള്ളിത്തോട് ഒരുമ റെസ്ക്യു ടീമിന്റെയും സഹകരണത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു, അബ്ദുൾ റഹീമിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

അതിർത്തി കടന്നെത്തുന്ന ലഹരിവസ്തുക്കൾ കണ്ടെത്താനായി കൂട്ടുപുഴയിൽ പോലീസ്‌ നടത്തിയ വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുൾ റഹീം പുഴയിലേക്ക് ചാടിയത്. റഹീമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശി നിതിൻ എന്നിവരെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. പുഴയിൽ വെള്ളമിറങ്ങുന്നതിനിടയിൽ മൃതദേഹം കരയ്ക്കടിഞ്ഞതാണെന്ന്‌ സംശയിക്കുന്നു. അബ്ദുൾ റഹീമിനെതിരെ 12-ഓളം കേസുകളുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.