
മൂവാറ്റുപുഴ (എറണാകുളം): സങ്കടമായിരുന്നു എല്ലായിടത്തും. ഒപ്പം മഴയുടെ സങ്കടപ്പെയ്ത്തും. ഒടുവില്‍ പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദിലെ ഒറ്റ കബറില്‍ അടുത്തടുത്ത് ഉമ്മയും മകളും വിശ്രമിച്ചു. അല്ലലില്ലാത്ത ലോകത്തേക്കുള്ള യാത്രയ്ക്ക് ദേശമാകെ പ്രാര്‍ഥനയോടെ വിടയേകി. കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കുറ്റിക്കാട്ട് ചാലില്‍ ജെസ്ന മക്കാരിന്റെയും (29) മകള്‍ റൂഹി മെഹ്റിന്റെയും (ഒന്നര) മൃതദേഹങ്ങള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ കബറടക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും ഖത്തറില്‍നിന്ന് കെനിയയിലേക്കുള്ള വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. എംബാം ചെയ്ത മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് നെല്ലിക്കുഴി പീസ് വാലിയിലെത്തിച്ച് പുറത്തെടുത്ത് ദേഹശുദ്ധി വരുത്തിയാണ് പേഴയ്ക്കാപ്പിള്ളിക്ക് കൊണ്ടുവന്നത്. 9.30-ഓടെ എത്തുമെന്നായിരുന്നു ആദ്യം കരുതിയിരുന്നതെങ്കിലും നെടുമ്പാശ്ശേരിയില്‍ നിന്ന് 10.30-ന് ശേഷമാണ് ആംബുലന്‍സ് പുറപ്പെട്ടത്.
മുന്നില്‍ ചെറിയ ആംബുലന്‍സ് കാറില്‍ റൂഹിയെയും പിന്നില്‍ വലിയ ആംബുലന്‍സില്‍ ജെസ്നയെയും കൊണ്ടുവരുമ്പോള്‍ ഏവരുടെയും അകം പൊള്ളി, നിശബ്ദരായി. വെള്ളവസ്ത്രത്തില് പൊതിഞ്ഞ കുഞ്ഞ് റൂഹിയെ ആദ്യം പ്രാര്‍ഥനയോടെ വീടിനകത്തേക്ക് കൊണ്ടുപോയി. പിന്നാലെ ജെസ്നയെയും.
ഇതിനിടെ ജെസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫെത്തി. കൈകള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്ന ഹനീഫിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് വീടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. മുഹമ്മദ് ഹനീഫിനൊപ്പം സഹോദരിയും ഭര്‍ത്താവും നാട്ടിലേക്കുള്ള യാത്രയിലുണ്ടായിരുന്നു.
വീടിനുള്ളില്‍ ജെസ്നയുടെ മാതാവ് ലൈലയും പിതാവ് മക്കാരും സഹോദരങ്ങളായ ജാസ്മിനും ജെഫിനും അടുത്ത ബന്ധുക്കളും ഇരുവരെയും അവസാനമായി ഒരു നോക്കുകണ്ടു.
ഒപ്പം സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രത്യേക നമസ്കാരം നടത്തി. വീടിന് പുറത്ത് പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദ് അസിസ്റ്റന്റ് ഇമാം മുഹമ്മദ് ബദരിയുടെ നേതൃത്വത്തിലും പ്രാര്‍ഥന നടന്നു. ഇതിനുശേഷം പേഴയ്ക്കാപ്പിള്ളി മസ്ജിദിലേക്ക് അതേ ആംബുലന്‍സുകളില്‍ത്തന്നെ മൃതദേഹങ്ങള്‍ കൊണ്ടുപോയി. നാട്ടുകാരും ബന്ധുജനങ്ങളും പള്ളിയിലേക്ക് ഒഴുകിയെത്തി.
പേഴയ്ക്കാപ്പിള്ളി ടിഎംഎ മദ്രസ പ്രധാനാധ്യാപകന് ഉസ്താദ് ഫൈസല്‍ ഫൈസി പള്ളിയിലെ നമസ്കാരത്തിന് നേതൃത്വം നല്കി. ഇതിനുശേഷം പള്ളിയോട് ചേര്‍ന്നുതന്നെയുള്ള കബറിലേക്ക് ആദ്യം റൂഹിയെയും പിന്നാലെ ജെസ്നയെയും കൊണ്ടുവന്നു. പൊന്നുമോള്‍ക്കും ഒറ്റമനസ്സായി ഒപ്പമുണ്ടായിരുന്നവള്ക്കും മുഹമ്മദ് ഹനീഫ് ഒരു പിടിമണ്ണ് പ്രാര്‍ഥനയോടെ അര്‍പ്പിച്ചു. കൂടെ ആ വേദനയില്‍ ഒപ്പമുള്ള എല്ലാവരും...
കരൾ പിളരും വേദനയോടെ...
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിലെ വീട്ടിലേക്ക് മുഹമ്മദ് ഹനീഫ് വന്നിറങ്ങുമ്പോൾ പ്രാർഥനയിലായിരുന്നു എല്ലാവരും. മകളെയും ഭാര്യയെയും ഒരുമിച്ച് അന്ത്യയാത്രയാക്കേണ്ടിവരുന്ന ഹനീഫിന്റെ സങ്കടം ഉറ്റവർക്കും താങ്ങാനാവുന്നതായിരുന്നില്ല. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കൈകളിലൊന്ന് കെട്ടിവെച്ച് കാറിൽനിന്ന് ബദ്ധപ്പെട്ടിറങ്ങിയ ഹനീഫിനെ അടുത്ത ബന്ധുക്കൾ ചേർത്തണച്ചു. ആശ്വാസവാക്കുകൾ പറയാൻപോലും ആകാതെ എല്ലാവർക്കും നോക്കിനിൽക്കാനേ ആകുമായിരുന്നുള്ളൂ.
Content Highlights: deadbodies of kenya accident victims cremated
Published: 16 Jun 2025, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented