കൊച്ചി: അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബത്തിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും അതിനുശേഷം എറണാകുളം ടൗണ്‍ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം വൈകിട്ടാകും മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറുക.

To advertise here,

ശനിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.എം. ലോറന്‍സിന്റെ അന്ത്യം. മന്ത്രി പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍, ഹൈബി ഈഡന്‍ എംപി, എന്‍.സി.പി. നേതാവ് പി.സി.ചാക്കോ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കേരളത്തിലെ പാര്‍ട്ടിയുടെ ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ഏറ്റവും കഠിനമായ കാലഘത്തില്‍ പാര്‍ട്ടിയ്ക്കായി പോരാടിയ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ്. ഇടപ്പള്ളി സമരത്തോടനുബന്ധിച്ച് അദ്ദേഹം നേരിടേണ്ടിവന്ന കൊടിയ മര്‍ദനം ചരിത്രരേഖയാണ്. ജില്ലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. വലിയ നഷ്ടമാണ് തൊഴിലാളി പ്രസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. എല്ലാക്കാലത്തും ശരിയായ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളെ വിശകലനം ചെയ്യാനും കാര്യങ്ങളില്‍ ഇടപെടാനും കഴിഞ്ഞിരുന്ന നേതാവാണ് അദ്ദേഹമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ്. കണ്‍വീനര്‍, സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ എം.എം.ലോറന്‍സ് വഹിച്ചിട്ടുണ്ട്. 1980-84 കാലഘട്ടത്തില്‍ ഇടുക്കിയില്‍നിന്ന് പാര്‍ലമെന്റംഗമായി. സി.ഐ.ടി.യു. ദേശീയ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.