ന്യൂഡൽഹി: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപിക്ക് വൻ ആധിപത്യം. ബംഗാളിലെ രണ്ട് നിയമസഭാ സീറ്റുകളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബിജെപി അസമിൽ കോൺഗ്രസിന്റെ സിറ്റിങ് ലോക്സഭാ സീറ്റിൽ വ്യക്തമായ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ വിജയിയുടെ ടിവികെ രണ്ട് സീറ്റുകളിലും മികച്ച ലീഡോടെയാണ് മുന്നേറുന്നത്. പുതുച്ചേരിയിലെ തട്ടാൻചാവടി സീറ്റിൽ എൻഡിഎ വിജയിക്കുകയും ചെയ്തു.

To advertise here,

പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ബിജെപി സമഗ്രാധിപത്യം പുലർത്തുന്നുണ്ട്. നന്ദിഗ്രാമിൽ 12 റൗണ്ട് പൂർത്തിയാക്കിയപ്പോൾ 97522 വോട്ടിന്റെ ഭൂരിപക്ഷം ബിജെപി സ്ഥാനാർഥി ഹാസി റാണിരഥ് നേടിയിട്ടുണ്ട്. ഇനി മൂന്ന് റൗണ്ട് കൂടി എണ്ണാനുണ്ട്. കോൺഗ്രസാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മമതാ ബാനർജി നിർത്തിയ സ്ഥാനാർഥി പിന്മാറിയതിനെ തുടർന്ന് അവർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഎം മൂന്നാം സ്ഥാനത്താണ്. വിമത വിഭാഗം തൃണമൂൽ നിർത്തിയ സ്ഥാനാർഥി അഞ്ചാം സ്ഥാനത്താണ്. സുവേന്ദു അധികാരി ഒഴിഞ്ഞതോടെയാണ് നന്ദിഗ്രാമിലെ ഉപതിരഞ്ഞെടുപ്പ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം രണ്ടിടത്ത് മത്സരിച്ചിരുന്നു. ഭബാനിപുർ നിലനിർത്തിയ സുവേന്ദു നന്ദിഗ്രാമിലെ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു.

റജിനഗറിൽ ഏഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാക്കിയപ്പോൾ ബിജെപി ശങ്കറവ്വ് സർക്കാർ 37506 വോട്ടുകൾക്ക് മുന്നിലാണ്. ആം ജനത ഉന്നയൻ പാർട്ടിയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. ഇവിടെ മമതയുടെ സ്ഥാനാർഥി നാലാം സ്ഥാനത്തും വിമത തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആറാം സ്ഥാനത്തുമാണ്. മുൻ ടിഎംസി നേതാവും ആം ജനത ഉന്നയൻ പാർട്ടി തലവനുമായ ഹുമയൂൺ കബീർ എംഎൽഎ സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് റെജിനഗർ സീറ്റ് ഒഴിവ് വന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെജിനഗർ, നൗഡ എന്നീ രണ്ട് മണ്ഡലങ്ങളിലും കബീർ വിജയിച്ചിരുന്നു.

തമിഴ്‌നാട്-പുതുച്ചേരി

തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പ് മൂന്ന് മാസംമാത്രം പ്രായമുള്ള വിജയ് സർക്കാരിന് ആദ്യ പരീക്ഷണമാണ്. എഐഎഡിഎംകെയുടെ രണ്ട് സിറ്റിങ് സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും വിജയിയുടെ പാർട്ടിയാണ് മുന്നേറുന്നത്.

തിരഞ്ഞെടുപ്പ് നടന്ന മധുരാന്തകത്ത് ടിവികെക്ക് 11691 വോട്ടിന്റെ ലീഡും ധാരാപുരത്ത് 8863 വോട്ടിന്റെ ലീഡും ഉണ്ട്. രണ്ടിടത്തും ഡിഎംകെ രണ്ടാം സ്ഥാനത്തും എഐഎഡിഎംകെ മൂന്നാംസ്ഥാനത്തുമാണ്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്കായി മത്സരിച്ചു ജയിച്ച എംഎൽഎമാർ രാജിവെച്ച് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഓൾ ഇന്ത്യ എൻ.ആർ.കോൺഗ്രസിന് വിജയം. 8432 വോട്ടുകൾക്ക് എൻഡിഎയുടെ അശോക് ആനന്ദാണ് വിജയിച്ചത്. കോൺഗ്രസ് രണ്ടാം സ്ഥാനത്തും ഡിഎംകെ മൂന്നാംസ്ഥാനത്തുമായി. പുതുച്ചേരിയിൽ മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് അധ്യക്ഷനുമായ എൻ. രംഗസാമി തട്ടാൻചാവടി നിയമസഭാ മണ്ഡലത്തിലെ അംഗത്വം രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തട്ടാൻചാവടി, മംഗലം എന്നീ രണ്ട് സീറ്റുകളിൽ അദ്ദേഹം പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

അസം

അസമിലെ നാഗോൺ ലോക്‌സഭാ സീറ്റിൽ വൻഭൂരിപക്ഷത്തോടെ ബിജെപി വിജയമുറപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണൽ അവസാനിച്ചിട്ടില്ലെങ്കിലും ഒരു ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ബിജെപി സ്ഥാനാർഥി നേടിയിട്ടുണ്ട്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. നിലവിൽ കോൺഗ്രസ് ഇവിടെ മൂന്നാംസ്ഥാനത്താണ്. എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മലാണ് രണ്ടാംസ്ഥാനത്ത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിലെ നാഗോൺ ലോക്സഭാ സീറ്റിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച പ്രദ്യുത് ബോർദോലോയി രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.