പത്തനംതിട്ട: ശബരിമലയിൽ ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായി. ഇത് നശിപ്പിക്കാനുള്ള ടെൻഡർ അവസാന ഘട്ടത്തിലേക്കെത്തുമ്പോഴുള്ള ചിത്രമാണിത്.
ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എന്ന കമ്പനിയാണ് അരവണ നശിപ്പിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ടെൻഡറിലെ ഏറ്റവും കുറഞ്ഞ തുക ഇവരുടേതാണ്.സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന അരവണ ഏറ്റുമാനൂരിലെ ഇന്ത്യൻ സെൻട്രിഫ്യൂജ് കമ്പനിയിൽ എത്തിക്കും. ടിന്നുകൾ പൊട്ടിച്ച് അരവണ മാറ്റിയെടുക്കും. അതിനുശേഷം വളമാക്കും.
ദേവസ്വംബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച മൂന്ന് കമ്പനികളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. അതിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് 1.89 കോടി രൂപയും അക്വേഷ്യാ വാട്ടർ സൊല്യൂഷൻസ് 1.76 കോടി രൂപയുമാണ് അരവണ നശിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവുംകുറച്ച തുക ആവശ്യപ്പെട്ട ഇന്ത്യൻ സെൻട്രിഫ്യൂജിന് നൽകുമെന്നാണ് വിവരം. മൂന്ന് കമ്പനികളുടേയും വിവരങ്ങൾ സർക്കാരിന് കൈമാറും.സർക്കാരാണ് അന്തിമ തീരുമാനം എടുക്കുക.
2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന ആരോപണത്തെത്തുടർന്ന് ഹൈക്കോടതി, 6.65 കോടി രൂപ വിലവരുന്ന അരവണ വിൽക്കാൻ പാടില്ലെന്ന് ഉത്തരവിട്ടത്. എന്നാൽ ദേവസ്വംബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. കീടനാശിനി അംശം ഉണ്ടെന്ന് തെളിയിക്കാൻ ഹർജിക്കാരന് കഴിയാതിരുന്നതിനാൽ കേസ് തള്ളിപ്പോയി.
അപ്പോഴേക്കും നാൾ ഏറെ കഴിഞ്ഞിരുന്നതിനാൽ ഉപയോഗിക്കേണ്ടെന്ന് ദേവസ്വം തീരുമാനിക്കുകയായിരുന്നു.
കേടായ അരവണ സൂക്ഷിച്ചിരിക്കുന്നതിനാൽ സന്നിധാനത്തെ വലിയൊരു കെട്ടിടമാണ് പൂർണമായും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെ പോകുന്നത്.പ്ലാന്റിൽ ഉണ്ടാക്കുന്ന അരവണ സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു ഇത്.ഇവിടെ സൂക്ഷിച്ചിരിക്കുന്ന അരവണ, ടിന്നുകളിൽനിന്ന് പൊട്ടിയൊലിച്ച് ശർക്കരയുടെ മണം പരക്കുന്നുണ്ട്. രണ്ടുവട്ടം മണം പിടിച്ച് ആനകൾ ഇതിനടുത്ത് എത്തുകയുംചെയ്തു.
Content Highlights: damaged aravana at Sabarimala will be composted
Published: 03 Jul 2024, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented