
തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ ഉയരുന്നതോടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതി. സംസ്‌കരിക്കാനെത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ പ്രതിദിന വര്‍ധന രേഖപ്പെടുത്തിയതോടെ മൃതദേഹങ്ങളുമായി കാത്തിരിക്കേണ്ട അവസ്ഥയാണ് പല ജില്ലകളിലേയും ശ്മശാനങ്ങളിലുള്ളത്.
തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. മുഴുവന്‍ സമയവും ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. കോവിഡ് ഇതര മൃതദേഹങ്ങള്‍ വിറകുചിതയിലും കോവിഡ് മൃതദേഹങ്ങള്‍ വൈദ്യുത-ഗ്യാസ് ചിതകളിലുമാണ് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നത്.
തൈക്കാട്ട് രണ്ട് ഇലക്ട്രിക് ഫര്‍ണസുകളും പുതുതായി നിര്‍മിച്ച രണ്ട് ഗ്യാസ് ഫര്‍ണസുകളുമാണുള്ളത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്‌കാരത്തിനു മാത്രമാണ് കഴിഞ്ഞ കുറേ ആഴ്ചകളായി ഇവ ഉപയോഗിക്കുന്നത്. നാല് വിറകുചിതകളിലാണ് മറ്റുള്ള മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത്. ബുധനാഴ്ച 23 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. വ്യാഴാഴ്ചത്തേക്കുള്ള ബുക്കിങ്ങും നേരത്തേ കഴിഞ്ഞു. ഇതോടെ വ്യാഴാഴ്ച മുതല്‍ വിറകുചിതകള്‍ കൂടി കോവിഡ് മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് ഉപയോഗിക്കും. മറ്റ് മൃതദേഹങ്ങളുടെ സംസ്‌കാരത്തെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. നഗരത്തില്‍ കോര്‍പ്പറേഷന് മറ്റു ശ്മശാനങ്ങളില്ല. മറ്റുള്ളവ സമുദായസംഘടനകളുടെ ശ്മശാനങ്ങളാണ്.
ഒരാഴ്ചയോളമായി പ്രതിദിനം ഇരുപതിലേറെ കോവിഡ് മൃതദേഹങ്ങളാണ് തൈക്കാട്ട് സംസ്‌കരിക്കുന്നത്. ഇപ്പോള്‍ ഇതിന്റെ ഇരട്ടിയോളം മൃതദേഹങ്ങള്‍ സംസ്‌കാരത്തിനെത്തിക്കുന്നു. ബാക്കിയുള്ളവയ്ക്ക് അടുത്ത ദിവസത്തേക്കോ അതിന്റെ അടുത്ത ദിവസത്തേക്കോ സമയം നല്‍കുകയാണ്. പ്രതിദിനം 24 മൃതദേഹങ്ങളാണ് നാല് ഫര്‍ണസുകളിലായി സംസ്‌കരിക്കാവുന്നത്.
അതേസമയം, കോര്‍പ്പറേഷനില്‍ പരിഭ്രമിക്കണ്ട സ്ഥിതിയില്ലെന്നും മൃതദേഹങ്ങള്‍ സമയബന്ധിതമായി സംസ്‌കരിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നതായും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. നഗരസഭയ്ക്ക് പുറത്തുനിന്നുള്ള മൃതദേഹങ്ങളും സംസ്‌കാരത്തിനെത്തുന്നുണ്ട്. തിരക്ക് കൂടിയതോടെ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം എട്ട് മണി വരെയാവും ശ്മശാനം പ്രവര്‍ത്തിക്കുകയെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് ജില്ലയിലെ ശ്മശാനങ്ങളിലും സമാനമായ സ്ഥിതിയാണുള്ളത്. ചന്ദ്രനഗറിലെ വൈദ്യുത ശ്മശാനത്തില്‍ പ്രതിദിനം 12 മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി എത്തിക്കുന്നുണ്ട്. എട്ട് സംസ്‌കാരം വരെ നടത്താനുള്ള സമയവും സൗകര്യങ്ങളാണുള്ളതെങ്കിലും അതില്‍ ഇരട്ടിയോളമാണ് പ്രതിദിനം എത്തിക്കുന്ന മൃതദേഹങ്ങള്‍.
കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹില്ലിലെ കോര്‍പ്പറേഷന്‍ ശ്മാശനത്തില്‍ ചൊവ്വാഴ്ച 17 മൃതദേഹങ്ങളാണ് ദഹിപ്പിച്ചത്. ശ്മശാനങ്ങളില്‍ തിരക്ക് കൂടുതലാണെന്ന് ജീവനക്കാരും പറയുന്നു. മാവൂരിലെ ശ്മശാനത്തിലും തിരക്ക് കൂടുന്നതിനാല്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ബുധനാഴ്ച കേരളത്തില്‍ 58 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. 57 മരണങ്ങളായിരുന്നു ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Crisis in crematoriums, people booking time slots to cremate bodies
Published: 06 May 2021, 10:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented