തടം മാടിയിട്ടു വളം
വെള്ളം കോരിയിട്ടു 
പടം പൊഴിക്കും 
മണ്ട പോയ
വയസ്സിയാം -
തെങ്ങിന്‍ ചുവട്ടില്‍

To advertise here,

വറ്റിയ കണ്ണുമായി 
വൃദ്ധത്തൊലിയടര്‍ന്നു
മുക്കണ്ണു ചീഞ്ഞു 
ചുക്കിച്ചുളുങ്ങിയ 
കൊട്ടത്തേങ്ങ 
കുചങ്ങളായി 
ഇടിഞ്ഞു തൂങ്ങിക്കിടപ്പായി.

ആകെയൊരു തേങ്ങ
മണ്ടപോകാറായ തെങ്ങിലെ
ജടപിടിച്ച ചകിരിമുടിയുമായി 
തലയോട്ടി പോലെ.

വെറും തുച്ഛമാം 
ശുഷ്‌കിച്ച ഓലയും *തരക്കി 
മട്ടലും വെട്ടി 
വിറകാക്കി 
അടുപ്പ് തീപ്പൂട്ടി.

ജടയായ് പടരും
ചകിരി വലിച്ചുകീറി 
നീര്‍ വറ്റിയ കൊട്ടത്തേങ്ങയാം- 
തലയോടുടച്ച് ഒടുവിലത്തെ 
പീരയും ചുരണ്ടി
തൊട്ടുകൂട്ടാന്‍ 
രുചിക്കൂട്ട് തീര്‍ത്തു.

ഒന്നാം പാലെന്ന് 
രണ്ടാം പാലെന്ന്  
പിഴിഞ്ഞിറ്റിച്ച് 
പായസം വിളമ്പി 
പിണ്ടിയായി
കണ്ടിടത്ത് കാണാറായി.

മൂലയ്ക്കിരുന്ന് 
ഇരുട്ടില്‍ മിഴിച്ചു
മരണപ്പെട്ട അതിന്‍  
തുളവീണ മുക്കണ്ണ്.

കണ്ടമാനം 
ചിലവാക്കാന്‍ 
പണപ്പെട്ടിയില്ലെന്ന് കാര്‍ന്നോര്‍ 
പറഞ്ഞതിന്‍ പിറ്റേന്ന്
പുരയ്ക്ക് മേലല്ലാതെ 
ചെരിഞ്ഞു വീണു 
ചതിക്കാത്ത തെങ്ങ്.

ഒടുക്കം 
വെറും *പേടും
കൊപ്രയാക്കി
ചക്കിലിട്ടാട്ടി
ഒരു പിടിപിണ്ണാക്കായി 
പുറത്തോട്ടേക്കെടുക്കുന്നു.

*തരക്കുക- അരിയുക.
*പേട്- ഉള്ളില്‍ ഒന്നുമില്ലാത്ത.