
തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വൻ പ്രതിഷേധവുമായി സിപിഎം. കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും എംഎൽഎമാരുൾപ്പെടെയുള്ളവരും പ്രതിഷേധപ്രകടനം നടത്തി. സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനങ്ങൾക്ക് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം പരിക്കേറ്റ മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി സന്ദർശിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നഗരത്തിലേക്കാണ് നേതാക്കളടക്കമുള്ളവർ പ്രതിഷേധപ്രകടനം നടത്തിയത്. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പ്രധാന നേതാക്കളെല്ലാം ഈ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ടി.വി രാജേഷ്, എം. വിജിൻ എംഎൽഎ എന്നിവർ പ്രതിഷേധമാർച്ചിന്റെ ഭാഗമായി. സിപിഎം പ്രവർത്തകരുടെ വലിയനിര പ്രതിഷേധമാർച്ചിലുണ്ട്. കെ.എസ്.യു വിനെതിരേയും കോൺഗ്രസിനെതിരേയും മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകരുടെ പ്രതിഷേധം.
സിപിഎം നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. റീത്ത് വെച്ചതിന്റെ തുടർച്ചയായി മന്ത്രിയെ അപായപ്പെടുത്താനുള്ള നീക്കമാണ് ഉണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. മന്ത്രിയുടെ കഴുത്തിന് ഗുരുതരമായ പരിക്കാണ് ഉണ്ടായിട്ടുള്ളത്. ഒരു വനിതാമന്ത്രിയെ കായികമായി കടന്നാക്രമിക്കുകയാണ്. അത് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഇത് പ്രതിഷേധമല്ല. തെമ്മാടിത്തരമാണ്. ശക്തമായ പ്രതിഷേധം ഉയർന്നുവരും. - അദ്ദേഹം പറഞ്ഞു.
കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാവാത്ത തരത്തിലുള്ള നീചമായ ആക്രമണമാണ് ഒരു വനിതാ മന്ത്രിക്ക് നേരെ ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയിലെയും യുവജന സംഘടനയിലെയും ക്രിമിനലുകൾ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മന്ത്രിയുടെ വീട് ആക്രമിച്ചതിന്റെ തുടർച്ചയാണിത്. മന്ത്രി വീണാ ജോർജിന്റെ കയ്യിലും കഴുത്തിലും പരിക്കുപറ്റിയിട്ടുണ്ട്. എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളെ നിലയ്ക്കുനിർത്താനുള്ള കെൽപ്പ് യുഡിഎഫിന് ഇല്ല. ഈ ക്രൂരമായ ആക്രമണത്തിനെതിരെ സംസ്ഥാനത്തുടനീളം ജനാധിപത്യപരമായ പ്രതിരോധം ഉയർന്നുവരും.- അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: cpm protests kerala veena george injured
Published: 25 Feb 2026, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented