തിരുവനന്തപുരം: തർക്കവും തമ്മിലടിയും കാരണം അലങ്കോലമായി സി.പി.എം. പൂജപ്പുര ലോക്കൽ കമ്മിറ്റി യോഗം. ചാല ഏരിയാ കമ്മിറ്റിയുടെ പാർട്ടി ഫണ്ട് വിജയിപ്പിക്കാനായി വിളിച്ചുചേർത്ത യോഗത്തിലാണ് എൽ.സി. നേതാവ് മുതിർന്ന അംഗത്തെ കസേരയെടുത്ത് അടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുപരാജയത്തിനു പിന്നാലെ നടന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് തമ്മിലടി.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന യോഗത്തിൽ പ്രധാന അജൻഡയ്ക്കുശേഷം നടന്ന ചർച്ചയിൽ മുടവൻമുഗളിലെ കൗൺസിലർ വി.ഗോപകുമാർ പാർട്ടിക്കു വിധേയനല്ലെന്ന് എൽ.സി. നേതാവ് ആരോപണമുന്നയിച്ചതോടെയാണ് തർക്കം തുടങ്ങിയത്. ഗോപകുമാറിനെ അനുകൂലിക്കുന്നവർ മറുപടിയുമായി എഴുന്നേറ്റതോടെ വാക്കുതർക്കമായി. എൽ.സി. നേതൃത്വമാണ് പാർട്ടി സംവിധാനങ്ങളെ ചലിപ്പിക്കാത്തതെന്നും അതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞതിനു കാരണമെന്നും പട്ടികജാതി ക്ഷേമസമിതി ഭാരവാഹിയായ മുതിർന്ന അംഗം തിരികേ ആരോപണമുന്നയിച്ചു. ഇതിൽ പ്രകോപിതനായ നേതാവ് ഇയാളെ പിടിച്ചുതള്ളുകയും കസേരയെടുത്ത് അടിക്കുകയുമായിരുന്നു.
കൂടാതെ മിനിറ്റ്‌സ് ബുക്കും കീറി. മറ്റുള്ളവർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുപിന്നാലെ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു പുറത്തുപോയ മുതിർന്ന അംഗത്തെ പിന്നീട് ലോക്കൽ നേതൃത്വം അനുനയിപ്പിച്ചു തിരികേ കൊണ്ടുവന്നതായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന യോഗത്തിൽ വി.ശിവൻകുട്ടിക്കു വോട്ടുകുറഞ്ഞതിനു കാരണം എൽ.സി. നേതൃത്വവും മുൻ മേയർ ആര്യാ രാജേന്ദ്രനുമാണെന്ന് കൗൺസിലർ ഗോപകുമാർ ആക്ഷേപം ഉന്നയിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പൂജപ്പുര വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 2900 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവൻകുട്ടിക്ക് വെറും അഞ്ച് വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചതെന്നും അന്ന് വിമർശനമുയർന്നിരുന്നു.
ഈ രൂക്ഷ വിമർശനങ്ങളുടെ മുനയൊടിക്കാനാണ് എൽ.സി. നേതാവ് കൗൺസിലർക്കെതിരേ തിരിഞ്ഞതെന്നാണ് മറുപക്ഷം പറയുന്നത്. ഇതിനിടെ കൗൺസിലർ സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന കൗൺസിലർ ഗോപകുമാറിന്റെ ഭീഷണിയും പൂജപ്പുര ലോക്കൽ കമ്മിറ്റിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Content Highlights: CPM Poojappura local committee meeting disrupted due to clashes between members., LC leader allegedly hit a senior member with a chair during a dispute over party funds and election performance., Tensions arose following discussions on vote drops in the assembly elections and criticism against Councilor V Gopakumar., Threat of resignation by Councilor V Gopakumar has put the local leadership on the defensive.
Published: 13 Aug 2026, 08:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented