കോഴിക്കോട്: കാന്തപുരം വിഭാഗവും മുസ്‌ലിം ലീഗും തമ്മിൽ സമീപകാലത്ത് തുടങ്ങിയ അടുപ്പത്തിന്റെ പുതിയ വാതിൽ തുറന്നിടലാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കാരന്തൂർ മർക്കസിലെ ഞായറാഴ്ചത്തെ സന്ദർശനം. പി.കെ. കുഞ്ഞാലിക്കുട്ടിയുൾപ്പെടെയുള്ള ലീഗ് നേതാക്കൾ മർക്കസിൽ നേരത്തേയും എത്തിയിട്ടുണ്ടെങ്കിലും സമസ്തയുടെ പിളർപ്പിനുശേഷം ആദ്യമായാണ് സംസ്ഥാന അധ്യക്ഷൻ മർക്കസിൽ പൊതുപരിപാടിയിൽ പങ്കെടുത്തത്.

To advertise here,

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തിന് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മർക്കസിൽ എത്തിയപ്പോൾ കാന്തപുരം എക്കാലത്തും അടുപ്പം പുലർത്തിയ ഇടതുനേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധേയമായി.

ഇടതുപക്ഷത്തുനിന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ മാത്രമാണ് ക്ഷണിച്ചതെങ്കിലും അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. കുഞ്ഞാലിക്കുട്ടി മന്ത്രിയെന്ന നിലയിലാണെങ്കിലും ജനപ്രതിനിധിയല്ലാത്ത രാഷ്ട്രീയ നേതാവ് സാദിഖലി ശിഹാബ് തങ്ങൾ മാത്രമായിരുന്നു.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ലീഗിനോടുള്ള കാന്തപുരം വിഭാഗത്തിെന്റ സമീപനത്തിൽ മാറ്റംവന്നിരുന്നു. പലസ്ഥലങ്ങളിലും കാന്തപുരം വിഭാഗത്തിന്റെ സഹായം ലഭിച്ചതായാണ് ലീഗിന്റെ വിലയിരുത്തൽ.

സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതുസംബന്ധിച്ച കാന്തപുരത്തിന്റെ പ്രസ്താവനയെ സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചപ്പോൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാന്തപുരത്തെ പിന്തുണച്ചു. ലീഗിന്റെ മറ്റുനേതാക്കൾ ഈ വിവാദങ്ങളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. എല്ലാഭാഗത്തുനിന്നും വിമർശനങ്ങളുയർന്നപ്പോൾ ലീഗ് ഒപ്പംനിന്നെന്ന വികാരം കാന്തപുരം വിഭാഗം നേതാക്കൾക്കുണ്ട്. സി.പി.എം. നേതാക്കൾ വിമർശിച്ചതിലുള്ള കടുത്ത അതൃപ്തി മുഖപത്രത്തിലൂടെ കാന്തപുരം വിഭാഗം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അടുപ്പം ബലപ്പെടുത്താനായുള്ള സാദിഖലി തങ്ങളുടെ മർക്കസ് സന്ദർശനം.

കാന്തപുരം വിഭാഗം സ്ഥിരമായി ലീഗിനെ പിന്തുണയ്ക്കുമെന്ന് ലീഗ് നേതൃത്വം കരുതുന്നില്ലെങ്കിലും സൗഹൃദാന്തരീക്ഷം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

പാണക്കാട് കുടുംബത്തിനും ലീഗിനുമെതിരേ സമസ്തയിലെ ഒരുവിഭാഗം ശക്തമായി നിൽക്കുമ്പോഴാണ് കാന്തപുരവുമായി സാദിഖലി തങ്ങൾ കൈകോർത്തുനിൽക്കുന്നതെന്ന പ്രസക്തിയും സന്ദർശനത്തിനുണ്ട്. ലീഗുമായുള്ള സൗഹൃദം ബലപ്പെടുത്തുന്നതുവഴി കൃത്യമായ സന്ദേശം സി.പി.എമ്മിന് കാന്തപുരം വിഭാഗം നൽകുന്നുമുണ്ട്.