തിരൂർ: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതിയെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട് സ്വദേശിയായ അറക്കൽ മുഹമ്മദ് ഷിബിലിയെ(30)യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

To advertise here,

കഴിഞ്ഞ ജൂൺ മാസത്തിലാണ് സംഭവം. തിരൂരിലുള്ള സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പറഞ്ഞ് പ്രതി ആൾമാറാട്ടം നടത്തുകയായിരുന്നു. കസ്റ്റംസ് കേസുകളിൽ പിടിച്ചെടുത്ത സ്വർണത്തിന്റെ ടാക്സുമാത്രം വാങ്ങി പാവപ്പെട്ടവർക്ക് 12.5 പവൻ വീതം നൽകുന്ന സ്കീം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ സ്കീം പ്രകാരമുള്ള സ്വർണത്തിനുള്ള ടാക്സ് അടയ്ക്കണമെന്ന് പറഞ്ഞ് പറ്റിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷങ്ങൾ വാങ്ങിയതായി പരാതിയിൽ പറയുന്നു.

പ്രതിക്ക് സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിലുള്ളതായി പൊലീസ് പറഞ്ഞു. തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ മിഥുൻ, അനുഷ, അഭയ, നസീർ തിരൂർക്കാട്, അസി. സബ് ഇൻസ്പെക്ടർ സനോജ്, സി.പി.ഒ. യാസിർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് റിമാൻഡ് ചെയ്തു.