കണ്ണൂർ: ഫണ്ട് വിവാദം വന്നശേഷം തന്റെ പൂർവകാലചരിത്രം ചികയാൻ ടി.ഐ. മധുസൂദനൻ എംഎൽഎ നേരിട്ട് പയ്യന്നൂർ റൂറൽ ബാങ്കിൽ പോയി ഫയൽ പരിശോധിച്ചതായി സിപിഎം പുറത്താക്കിയ വി.കുഞ്ഞിക്കൃഷ്ണൻ. വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കാൻ കുറ്റങ്ങൾ തേടിയാണ് എംഎൽഎ ബാങ്ക് പ്രസിഡന്റിനൊപ്പമെത്തി 14 കൊല്ലം പഴക്കമുള്ള ഫയലുകൾ പുറത്തെടുപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളൂരിലെ വീടായ 'കാവ്യകല'യിൽ 'മാതൃഭൂമി'യോട് സംസാരിക്കുകയായിരുന്നു കുഞ്ഞിക്കൃഷ്ണൻ.

To advertise here,

ബാങ്കിൽനിന്ന് തനിക്കെതിരായി ഒന്നും കിട്ടിയില്ല. അതിനുശേഷം മധുസൂദനൻ ഉൾപ്പെടെ എല്ലാവരും പങ്കെടുത്ത ഒരു പാർട്ടി സെന്റർ യോഗത്തിൽ താൻ ലീവ് സറണ്ടർ ചെയ്തിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് ഉന്നയിച്ചു. ലീവ് സറണ്ടർ തെറ്റായ കാര്യമാണെന്നാണ് അയാൾ ധരിച്ചത്. 300 ദിവസത്തെ ലീവ് സറണ്ടർ ചെയ്ത് എട്ടരലക്ഷം രൂപ വാങ്ങിയെന്നാണ് പുതിയ ആരോപണം. സെക്രട്ടറിയായി വിരമിക്കുമ്പോൾ 44,000 രൂപയായിരുന്നു തന്റെ ശമ്പളം. 10 മാസത്തെ ശമ്പളം 4,40,000 രൂപ. എങ്ങനെയാണ് 300 ലീവ് സറണ്ടർചെയ്താൽ എട്ടരലക്ഷം കിട്ടുകയെന്ന് അദ്ദേഹം ചോദിച്ചു.

ഗ്രാറ്റ്വിറ്റി നിയമം അനുസരിച്ചുമാത്രമേ വിരമിക്കൽ ലഭിക്കൂവെന്ന് എനിക്കറിയാം. ആ വിഷയം പഠിപ്പിച്ചയാളാണ്. സഹകരണ ജീവനക്കാരുടെ സേവന-വേതന ചട്ടങ്ങൾ സംബന്ധിച്ച് പുസ്തകമെഴുതിയ ആളാണ്. 2010 ഫെബ്രുവരിയിലാണ് വിരമിച്ചത്. അന്ന് ഗ്രാറ്റ്വിറ്റി മൂന്നരലക്ഷം രൂപയാണ്. അത് കൂട്ടിക്കിട്ടാൻ ആരുടെയടുത്തും അപേക്ഷിച്ചിട്ടില്ല. ഒരു കേസും നൽകിയിട്ടില്ല.

സഹകരണ ബാങ്കിന് പുറത്ത് ഷെഡ്യൂൾഡ് ബാങ്കിൽ പോലും നിക്ഷേപമില്ല. 37 കൊല്ലം ജോലിചെയ്തത് സഹകരണ മേഖലയിലാണ്. നിക്ഷേപമുണ്ടെങ്കിൽ അത് സഹകരണസ്ഥാപനങ്ങളിൽ മാത്രമാണ്. തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ.

2024-ൽ പ്രസിഡന്റായ ആളാണ് ആരോപണം ഉന്നയിക്കുന്നത്. അയാൾക്ക് 2010-ലെ കാര്യം അന്വേഷിക്കേണ്ട കാര്യമില്ല. അയാളെ പ്രസിഡന്റാക്കിയത് എംഎൽഎയാണ്. ഫണ്ട് പ്രശ്നത്തിൽ ജില്ലാ കമ്മിറ്റിയുടെ അച്ചടക്കനടപടിക്ക് വിധേയനായ ആളാണ് ബാങ്ക് പ്രസിഡന്റ്. അച്ചടക്ക നടപടിക്ക് വിധേയനായ ആളെ പ്രസിഡന്റായി തീരുമാനിക്കുന്നത് ടി.ഐ.മധുസൂദനൻ ഉൾപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റാണെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.