അബുദാബി: ഫ്ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് ആക്രമണത്തിൽ തലയോട്ടിക്കും കൈക്കും ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവന്നു. വിമാനം നിയന്ത്രിച്ചിരുന്ന ഇന്ത്യൻ പൈലറ്റായ സ്മിത് മച്ചാറിനെ ഒമാനി കോ-പൈലറ്റായ ഹമാം അൽ-ഹമ്മാമി കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ക്യാപ്റ്റന്റെ കാഴ്ചശക്തിയും ജീവനും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വധശ്രമം നടന്നതെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

To advertise here,

ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ തലയോട്ടിക്ക് ക്ഷതമേൽക്കുകയും കാഴ്ചയുമായി ബന്ധപ്പെട്ട ഞരമ്പുകളെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് കാഴ്ച പൂർണ്ണമായും മങ്ങുന്ന അവസ്ഥയുണ്ടായി. വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കിയ ശേഷമാണ് അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കാഴ്ച തടസ്സപ്പെട്ടുവെന്നും എന്നിട്ടും ആക്രമണത്തെ പ്രതിരോധിക്കാൻ താൻ ശ്രമിച്ചുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ മച്ചാർ വെളിപ്പെടുത്തിയിരുന്നു.

ഗുരുതരമായ പരിക്കുകൾ ക്യാപ്റ്റന്റെ ഓർമ്മശക്തിയെയും ബാധിച്ചിട്ടുണ്ട്. പരിക്കേറ്റ സമയത്തെ കാര്യങ്ങൾ ഭാഗികമായി മാത്രമാണ് ഓർത്തെടുക്കാൻ സാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റിന് മാനസികമായി വീണ്ടും സമ്മർദ്ദമുണ്ടാകാതിരിക്കാൻ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അദ്ദേഹത്തോട് സംസാരിക്കുന്നത് ഒഴിവാക്കുകയാണെന്ന് ഭാര്യ സോണൽ മച്ചാറിനെ ഉദ്ധരിച്ച് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. കഠിനമായ തലവേദന അനുഭവപ്പെടുന്നതിനാൽ അദ്ദേഹത്തിന് ശക്തമായ വേദനസംഹാരികളും ഉറക്കമരുന്നുകളും നൽകുന്നുണ്ട്.

അദ്ദേഹത്തിന്റെ നാഡീവ്യൂഹ സംബന്ധമായ പരിശോധനകളും നടന്നുവരികയാണ്. അബുദാബിയിലെ പ്രത്യേക മെഡിക്കൽ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന മച്ചാർ ഇപ്പോൾ ഏതാനും അടികൾ നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. യുഎഇയിലെ അന്വേഷണ ഏജൻസികൾ അദ്ദേഹത്തിന്റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം നിലവിൽ ലഭിക്കുന്ന മെഡിക്കൽ പരിചരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.