കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേർന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാംദിവസവും വിമർശനങ്ങളേറ്റ് നേതൃത്വം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ദയനീയ പരാജയം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. രണ്ട് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടുന്ന കമ്മിഷനാണ് അന്വേഷണച്ചുമതല. പാർട്ടിയോഗങ്ങളിൽ തുറന്നുപറയാൻ മടിച്ചിരുന്നവർ ഇപ്പോൾ മുന്നോട്ടുവന്ന് കാര്യകാരണങ്ങൾ സഹിതം വിമർശനമുന്നയിച്ചതോടെ പല വിഷയങ്ങളിലും നേതൃത്വത്തിന് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു.
പി.ബി. അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിരായി ശക്തമായ വികാരം പ്രതിഫലിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ പിണറായിയുടെ ഭാഷയും ശൈലിയും പ്രയോഗരീതികളും ജനങ്ങളെ വെറുപ്പിച്ചുവെന്നും വിമർശനമുയർന്നു.
അമിത ആത്മവിശ്വാസത്തിൽ പല മണ്ഡലങ്ങളും പാർട്ടി നേതൃത്വം വേണ്ടവിധം ശ്രദ്ധിച്ചില്ല; ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ ഭാഗത്തുനിന്ന് വലിയ ജാഗ്രതക്കുറവ് ഉണ്ടായി, പേരാവൂരിൽ കെ.കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതാക്കളാരും എത്തിയില്ല തുടങ്ങിയ വിമർശനങ്ങളുണ്ടായി.
പരാജയം അപമാനകരം
തളിപ്പറമ്പിൽ പി.കെ.ശ്യാമളയുടെ പ്രചാരണത്തിന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജനും സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചു. എന്നിട്ടും പരാജയപ്പെട്ടു. പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിക്കേറ്റ പരാജയം അപമാനകരമാണെന്ന് അംഗങ്ങൾ തുറന്നടിച്ചു.
സെന്ററിന് ഗുരുതരവീഴ്ച
ജില്ലാ സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി. ക്ഷേമപ്രവർത്തനങ്ങൾ സർക്കാർ ഏറെ നടപ്പാക്കിയിട്ടും തോറ്റതിനു പിന്നിൽ വീഴ്ചയുണ്ട്. ജെൻസി തലമുറയെ മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അംഗങ്ങൾ വിമർശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണിക്കും പാർട്ടിക്കും തിരിച്ചടിയുണ്ടായിട്ടും അത് മുന്നിൽക്കണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നും അംഗങ്ങൾ വിമർശിച്ചു.
Content Highlights: CPM district committee initiates formal inquiry into election losses in Payyannur and Taliparamba., Leadership, including Pinarayi Vijayan and MV Govindan, faces sharp criticism regarding governance style., Failure to connect with the Gen-Z demographic cited as a major factor., Internal reports highlight organizational negligence and lack of coordination in key constituencies.
Published: 18 May 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented