കണ്ണൂർ: ആരുടെ തെറ്റ്, ആരു തിരുത്തും. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെക്കുറിച്ചുള്ള വിലയിരുത്തൽ പല തലത്തിൽ തുടരുമ്പോൾ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ പരാജയവുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ അഭിപ്രായവ്യത്യാസം പുറത്തുവരുന്നു.

To advertise here,

വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തെറ്റുതിരുത്തിയാൽ പാർട്ടിയിലേക്ക് തിരിച്ചുവരാൻ തടസ്സമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് വിവാദമായത്.

പാർട്ടിവിട്ടവർ വർഗവഞ്ചകർ തന്നെയെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ കണിശമായി തിരുത്തിയതോടെ ജയരാജൻ മലക്കം മറിഞ്ഞു. എന്തുതെറ്റാണ് ചെയ്തതെന്ന് കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും ചോദിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിൽ വിരുദ്ധാഭിപ്രായങ്ങളുണ്ടെന്നതിന്റെ സൂചനയാണിത്.

തിരുത്തിയാൽ പൊറുക്കുമെന്ന് ജയരാജൻ; വഞ്ചകരെന്ന് ഗോവിന്ദൻ

ഏതുഘട്ടത്തിലാണ് തെറ്റുതിരുത്തിയാൽ അവരോട് പൊറുക്കാത്തതെന്നായിരുന്നു ജയരാജന്റെ ആദ്യ പ്രതികരണം.

‘‘എം.വി. രാഘവൻ അവസാനകാലത്ത് സി.പി.എമ്മുമായി സഹകരിച്ചല്ലേ വന്നത്. ഗൗരിയമ്മയും ഒടുവിൽ സി.പി.എമ്മുമായി സഹകരിച്ചല്ലേ പ്രവർത്തിച്ചത്. ഒരിക്കൽ നയപരമായും സംഘടനാപരമായും തെറ്റുപറ്റിെയന്നുകരുതി കമ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവൻ ഒറ്റപ്പെടുത്തി മുന്നോട്ടുപോവുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. ടി.കെ. ഗോവിന്ദന്റെ നിലപാട് വർഗവഞ്ചനയാണെന്ന് താനല്ലേ പറഞ്ഞത്. നാളെ അദ്ദേഹം നിലപാട് തിരുത്തി സഹകരിക്കാൻ തയാറായി വരുമ്പോൾ ‌‌‌‌‌വേണ്ടെന്ന് വെക്കുന്ന പാർട്ടിയല്ല സി.പിഎം.’’ - ജയരാജൻ പറഞ്ഞു.

ഓരോരുത്തർ അവിടെയും ഇവിടെയുമായി ഓരോ ചാനലിൽ സംസാരിക്കുന്നതിന് മറുപടി പറയേണ്ട യാതൊരു കാര്യവുമില്ലെന്ന് കടുപ്പിച്ചാണ് എം.വി. ഗോവിന്ദൻ ജയരാജനെ തള്ളിയത്. പാർട്ടിയുടെ ഭാഗമായല്ല അദ്ദേഹം സംസാരിച്ചതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

‘‘തെറ്റുതിരുത്തിയാൽ ഭൂമൂഖത്ത് ആരെയും തിരിച്ചെടുക്കും. ജി. സുധാകരനും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാർട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. വർഗവഞ്ചനയാണ്, ചതിയാണ്. അത് പാർട്ടി കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ നിലപാട് തുടരും’’- ഗോവിന്ദൻ പറഞ്ഞു.

തിരുത്തുന്നില്ലെങ്കിൽ വഞ്ചകർ തന്നെ

തിരുത്തുന്നില്ലെങ്കിൽ അവർ വഞ്ചകർ തന്നെയാണെന്ന് എം.വി. ഗോവിന്ദന്റെ പ്രതികരണത്തിനുശേഷം ജയരാജൻ സ്വയം തിരുത്തി. വിഴിഞ്ഞം ഓഹരിക്കൈമാറ്റവും പി.എം.ശ്രീയുമായും ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക്‌ കത്തെഴുതാനെങ്കിലും ഈ എം.എൽ.എ.മാർ തയാറാവുമോയെന്നും വർഗവഞ്ചനയാണ് തുടരുന്നതെന്ന് ഇതൊന്നും ചെയ്യാത്തിടത്തോളം കാലം ജനം കരുതുമെന്നും അദ്ദേഹം പറഞ്ഞു.

തെറ്റ് പറഞ്ഞാലല്ലേ തിരുത്താനാവൂ – വി. കുഞ്ഞികൃഷ്ണൻ

‘‘ഞാൻ ചെയ്ത തെറ്റെന്ത് എന്നിതുവരെ സി.പി.എം. വ്യക്തമാക്കിയിട്ടില്ല. എന്നാലല്ലേ തിരുത്താനാവൂ. അന്നും ഇന്നും കമ്യൂണിസ്റ്റുകാരനാണ്. ഒരു പാർട്ടിയിലേക്കും പോവില്ല’’.

തെറ്റിയത് പാർട്ടിക്ക് – ടി.കെ. ഗോവിന്ദൻ

‘‘ഞാൻ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തളിപ്പറമ്പിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും അംഗീകരിച്ചു. പാർട്ടിയിലുള്ളവരും അത് പരസ്യമായി സമ്മതിക്കുന്നു എന്റെ നിലപാടിനൊപ്പമാണ് സി.പി.എം. അടിമുടിയുള്ളത്. തളിപ്പറമ്പിലും പയ്യന്നൂരിലും കേരളത്തിലുടനീളവും തെറ്റുപറ്റിയെന്ന് പാർട്ടി സമ്മതിച്ചല്ലോ. അപ്പോ പാർട്ടിയല്ലേ തിരുത്തേണ്ടത്.’’