ന്യൂഡൽഹി: കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ ഗൗരവമായി കണ്ട് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ സി.പി.എം ഒരുങ്ങുന്നതായി ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് സംഭവിച്ച തെറ്റുകുറ്റങ്ങൾ ചർച്ച ചെയ്ത് പരിഹരിച്ച് മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ പ്രധാനമായും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിൽ പാർട്ടിക്കുണ്ടായ പോരായ്മയാണെന്ന് ബേബി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് അവർക്ക് ബോധ്യപ്പെടുന്ന വിധത്തിൽ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിലുണ്ടായ പോരായ്മയുണ്ടായി. അതിനൊപ്പം പല തെറ്റുകുറ്റങ്ങളുമുണ്ടായിട്ടുണ്ട്. അതിൽ മനുഷ്യസഹജമായ തെറ്റുകുറ്റങ്ങളുമുണ്ടായിട്ടുണ്ട്. അത് ചർച്ചചെയ്ത് പരിഹരിച്ച് മുന്നോട്ടുപോകണം എന്നാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.
സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥിത്വങ്ങളെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് മെമ്പർ വരെ സ്വയം വിമർശനം നടത്തേണ്ടതുണ്ട്. വീഴ്ചകൾ എല്ലാവർക്കും ഒരുപോലെയല്ലെങ്കിലും ഓരോ തലത്തിലും ഉണ്ടായ പോരായ്മകൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പോലുള്ള പാർട്ടികളിൽ നിന്ന് ജനങ്ങൾ ഉയർന്ന ധാർമിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി.ഡി. സതീശൻ മംഗളൂരുവിൽ വെച്ച് അദാനി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത് ദുരൂഹമാണെന്ന് എം.എ. ബേബി ആരോപിച്ചു. ഇത് വ്യക്തിപരമായ സന്ദർശനമാണെന്നാണ് സതീശൻ പറയുന്നതെങ്കിലും കാര്യങ്ങൾ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. വിഴിഞ്ഞം പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നത് യു.ഡി.എഫ് സർക്കാരാണെന്നും ഇപ്പോൾ ഈ വിഷയത്തിൽ സതീശൻ സ്വീകരിക്കുന്ന നിലപാടുകൾ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ മതേതര ജനാധിപത്യ പാർട്ടികൾ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്റെ ഫാസിസ്റ്റ് നയങ്ങളെ ചെറുക്കാൻ പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നതകൾ മാറ്റിവെച്ച് ഒന്നിക്കണം. കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം വിമർശിച്ചു. പാസ്പോർട്ടിന് പൗരത്വവുമായി ബന്ധമില്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് അപകടകരമാണ്.
ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയിൽ വിദഗ്ധർ ആരുമില്ലാത്തത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും എം.എ ബേബി പറഞ്ഞു. ജർമ്മനിയിൽ ഹിറ്റ്ലർ നടപ്പിലാക്കിയ 'ന്യൂറംബർഗ് നിയമങ്ങൾക്ക്' സമാനമായ രീതിയിലാണ് കേന്ദ്ര സർക്കാർ എൻ.ആർ.സി, സി.എ.എ തുടങ്ങിയവയിലൂടെ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Published: 14 Jul 2026, 05:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented