ഹരിപ്പാട്: സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ആഭ്യന്തരവകുപ്പിനെ വിമർശിക്കാൻ കച്ചമുറുക്കിവന്ന പ്രതിനിധികളെ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾ ‘തണുപ്പിച്ചു’. അത്തരം വിമർശനം വേണ്ടെന്നും അത്യാവശ്യമെങ്കിൽ പോലീസ് ഉദ്യോഗസ്ഥരെ പേരെടുത്തു വിമർശിക്കാമെന്ന സന്ദേശമാണ് മുതിർന്ന നേതാക്കൾ പ്രതിനിധികൾക്കു നൽകിയത്. അതോടെ, പോലീസ് വിമർശനമേ വേണ്ടെന്ന നിലപാടിലായി പ്രതിനിധികൾ.

To advertise here,

മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണത്തിലാണ് സമ്മേളനം. ആഭ്യന്തരവകുപ്പിനെ വിമർശിച്ച് മുഖ്യമന്ത്രിയുടെ കണ്ണിലെ കരടാകാൻ മുതിർന്ന നേതാക്കൾക്കു താത്പര്യമില്ല. ആ സന്ദേശം അവർ താഴേക്കും കൈമാറി. സ്റ്റേഷനുകളിൽ പാർട്ടി പ്രവർത്തകർക്കു നീതിലഭിക്കുന്നില്ലെന്ന വിമർശനം ലോക്കൽ-ഏരിയ സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. അത്തരം വിമർശനമുണ്ടായ ഏരിയകളിലെ പ്രതിനിധികളെ പ്രത്യേകം കണ്ടാണ് മുതിർന്ന നേതാക്കൾ അനുനയിപ്പിച്ചത്.

എന്നാൽ, കയർവകുപ്പിനെതിരേ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ വിമർശനമുണ്ടായി. ആലപ്പുഴയിലെ പാർട്ടിക്ക് അടിസ്ഥാനവർഗത്തെ അവഗണിച്ചു മുന്നോട്ടുപോകാനാകില്ലെന്നും സാങ്കേതികകാര്യം പറഞ്ഞ് തൊഴിലാളിപ്രശ്നം പരിഹരിക്കാനാകില്ലെന്നും പ്രതിനിധികൾ പറഞ്ഞു. ആരോഗ്യവകുപ്പിനെതിരേയും വിമർശനമുണ്ടായി.

അംഗങ്ങൾ പാർട്ടിവിട്ട് ബി.ജെ.പി.യിൽ ചേർന്നതിൽ മുഖ്യമന്ത്രിയുടെ വിമർശനംകേട്ട കായംകുളം ഏരിയകമ്മിറ്റിയുടെ സെക്രട്ടറി ബി. അബിൻഷ വികാരനിർഭരമായ പ്രസംഗത്തിലൂടെ താരമായി. പോയവരെക്കാൾ കൂടുതൽപ്പേർ മറ്റുപാർട്ടികളിൽനിന്ന് സി.പി.എമ്മിലെത്തി.

എന്നും കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പംനിന്ന ചരിത്രമാണ് കായംകുളത്തിനുള്ളത്. ജീവൻകൊടുത്തും ആ പേരു നിലനിർത്തും. കായംകുളത്ത് പാർട്ടി പഴയപ്രതാപത്തിലേക്കു തിരിച്ചെത്തുമെന്നും അബിൻഷാ പറഞ്ഞത് കൈയടികളോടെയാണ് പ്രതിനിധികൾ സ്വീകരിച്ചത്.

നല്ല ചർച്ച; പാർട്ടിക്കു ഗുണംചെയ്യും -പിണറായി വിജയൻ

സി.പി.എം. ജില്ലാ സമ്മേളനത്തിലുണ്ടായത് നല്ല ചർച്ചയാണെന്നും ഇത് ജില്ലയിൽ പാർട്ടിക്ക് ഭാവിയിൽ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റി മുഖ്യമന്ത്രി ഒരുമണിക്കൂറോളം സംസാരിച്ചു. രണ്ടാം കുട്ടനാട് പാക്കേജ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിജയകരമായി നടപ്പാക്കുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി.

അന്ന് വിഭാഗീയതയുടെ കനലെരിഞ്ഞു ഇന്ന് സമവായത്തിന്റെ സന്തോഷം

ആലപ്പുഴ: ഇത്തവണത്തെ ജില്ലാ സമ്മേളനത്തിൽ വിമർശനങ്ങളും വിഭാഗീയതയും കുറഞ്ഞപ്പോൾ 22 വർഷംമുൻപ്‌ ഇതേസ്ഥലത്ത് അരങ്ങേറിയ സംഭവങ്ങൾ പ്രവർത്തകർ ഓർക്കുന്നുണ്ടാകും. ജില്ലാ സെക്രട്ടറിയും സെക്രട്ടേറിയറ്റംഗങ്ങളുമുൾപ്പെടെ ഔദ്യോഗിക പാനലിലെ 27 അംഗങ്ങൾ വോട്ടെടുപ്പിൽ തോറ്റു. സി.പി.എമ്മിന്റെ സംഘടനാ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത വിഭാഗീയപ്രവർത്തനമാണ് 2002-ലുണ്ടായത്.

അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന വി. കേശവൻ, സെക്രട്ടേറിയറ്റംഗങ്ങളായിരുന്ന സി.കെ. സദാശിവൻ, ടി.കെ. ദേവകുമാർ എം.എൽ.എ., കെ. പ്രസാദ്, കെ.വി. ദേവദാസ്, എൻ. രാമകൃഷ്ണൻ നായർ, വി.ജി. കുട്ടപ്പൻ, എം.ആർ. രാജശേഖരൻ എന്നിവരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എസ്. സുജാതയുമടക്കമാണ് തോറ്റത്.

പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ ജില്ലാ സമ്മേളനത്തിൽ നടന്നത് വിഭാഗീയതയാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യവുമായി അദ്ദേഹം ദേശീയ നേതൃത്വത്തെ സമീപിച്ചു. ആലപ്പുഴയിലെ തോൽവി പ്രതിപക്ഷനേതാവിന്റെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന ചോദ്യത്തിന് പാർട്ടിക്ക് പഞ്ചായത്തുകളിൽപ്പോലും പ്രാതിനിധ്യമില്ലാത്ത കാലത്താണ് താൻ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നുമായിരുന്നു മറുപടി.

സമ്മേളനത്തിൽ വിഭാഗീയത നടന്നതായി പാർട്ടി കമ്മിഷൻ കണ്ടെത്തിയതിനാൽ പി.ബി. ഇടപെട്ട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എം.എ. ബേബി കൺവീനറായുള്ള സംഘടനാ കമ്മിറ്റിക്ക് ഭരണം കൈമാറി. പാർട്ടിയിലെ അച്യുതാനന്ദൻപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള പിണറായി പക്ഷത്തിന്റെ ആസൂത്രിതനീക്കത്തിന്റെ ആദ്യവെടി പൊട്ടിയത് ഈ സമ്മേളനത്തിലായിരുന്നു. ഔദ്യോഗികപക്ഷം ഒന്നടങ്കം പുറത്തായി. സി.ഐ.ടി.യു. പക്ഷത്തിനൊപ്പം പിണറായി അനുകൂലികളും ചേർന്നാണ് ഔദ്യോഗികപാനലിലെ വി.എസ്. പക്ഷക്കാരെ കൂട്ടത്തോടെ തോൽപ്പിച്ചത്.

ജി. സുധാകരൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ വിഭാഗീയതയുടെ രക്തസാക്ഷികളായ നേതാക്കളിൽ ചിലർ സമ്മേളന പ്രതിനിധികളാണ്. അന്നു ശത്രുക്കളായിരുന്നവരിൽ പലരും ഇന്നു മിത്രങ്ങളാണ്.

അന്ന് സമ്മേളനവേദിക്കു പുറത്ത് കാത്തുനിന്ന പ്രവർത്തകർപോലും തർക്കത്തിലേർപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ബാലറ്റിന്റെ പകർപ്പെടുക്കാനായി ഫോട്ടോസ്റ്റാറ്റ് യന്ത്രം സമ്മേളനസ്ഥലത്തെക്ക് എത്തിക്കുകയായിരുന്നു. ബാലറ്റ് പുറത്തുപോകാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. ഔദ്യോഗികപക്ഷം ഇത്രയും ജാഗ്രത കാട്ടിയെങ്കിലും എതിർവിഭാഗം കൃത്യമായ ഗൃഹപാഠം നടത്തിയാണ് എത്തിയത്. 46 പേരിൽ വി.എസ്. പക്ഷത്തെ 27 പേരെ തോൽപ്പിക്കുന്ന രീതിയിൽ വോട്ടുചെയ്യാൻ സി.ഐ.ടി.യു.-പിണറായി വിഭാഗത്തിലെ പ്രതിനിധികൾ പഠിച്ചിരുന്നു. 46 സംസ്ഥാന സമ്മേളന പ്രതിനിധികളെയാണ് സമ്മേളനം തിരഞ്ഞെടുത്തത്. അതിലും ഒരു വി.എസ്. അനുകൂലിപോലും ജയിച്ചില്ല.

സി.പി.എമ്മിന്റെ സംഘടനാ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത വിഭാഗീയപ്രവർത്തനമായിരുന്നു 2002-ലുണ്ടായത്

പുതുമുഖങ്ങൾക്ക് സാധ്യത

സി.പി.എം. ജില്ലാ കമ്മിറ്റിയിൽ ചെറുപ്പക്കാർക്കു പ്രാതിനിധ്യം ലഭിച്ചേക്കും. കായംകുളം ഏരിയ സെക്രട്ടറി ബി. അബിൻഷാ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി. പ്രസാദ്, മാവേലിക്കര ഏരിയ സെക്രട്ടറി ജി. അജയകുമാർ, ചേർത്തല ഏരിയ സെക്രട്ടറി ബി. വിനോദ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ശിവപ്രസാദ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ടി.എസ്. താഹ, ആർ. റിയാസ് തുടങ്ങിയവരാണ് ചെറുപ്പക്കാരുടെ പ്രതിനിധികളായി പരിഗണിക്കപ്പെടുന്നത്. ജില്ലാ കമ്മിറ്റിയംഗത്വത്തിനുള്ള പ്രായപരിധി 74 ആണ്. ഇതുപരിഗണിക്കുമ്പോൾ മുരളി തഴക്കര, എം. സുരേന്ദ്രൻ തുടങ്ങിയവർ ഒഴിവായേക്കും.

കയർമന്ത്രിക്കെതിരേ വിമർശനം

മന്ത്രി പി. രാജീവ് കയർ വകുപ്പിന്റെ മന്ത്രിയാണെന്ന് ആഴ്ചയിലൊരിക്കലെങ്കിലും ഓർക്കണമെന്ന് വിമർശനം. ചേർത്തലയിൽനിന്നുള്ള പ്രതിനിധിയാണ് കയർമേഖലയിലെ പ്രശ്നങ്ങളിൽ മന്ത്രി ഇടപെടുന്നില്ലെന്ന വിമർശനമുന്നയിച്ചത്. കയർമേഖല സ്തംഭിച്ചിട്ടും മന്ത്രി അനങ്ങുന്നില്ലെന്നും ആക്ഷേപമുയർന്നു. മുഖ്യമന്ത്രിയുടെ ശിവഗിരിപ്രസംഗം കേരളത്തിനു വഴികാട്ടുന്നതാണെന്ന് ഹരിപ്പാട് ഏരിയ സെക്രട്ടറി പി. പ്രസാദ് ചൂണ്ടിക്കാട്ടി.

ഒരുകോടി കൊടുത്തിട്ടും ഡി.വൈ.എഫ്.ഐ.ക്ക് വിമർശനം

വയനാട് ദുരന്തബാധിതരെ സഹായിക്കാൻ കോടി രൂപ സമാഹരിച്ചു കൈമാറിയ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന്‌ വിമർശനം. ജില്ലാസമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തനറിപ്പോർട്ടിലാണ് പരാമർശം.

തിരുവനന്തപുരം ഉൾപ്പെടെ സാമ്പത്തികഭദ്രതയുള്ള മേഖലകളിലെ ജില്ലാ കമ്മിറ്റികൾക്കുപോലും ലക്ഷ്യമിട്ടതുപോലെ വയനാടിനായി ധനസമാഹരണം നടത്താനായില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനതലത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനം കാഴ്ചവെച്ച ഡി.വൈ.എഫ്.ഐ. ജില്ലാ നേതൃത്വത്തെയാണ് പ്രവർത്തനത്തിലെ പോരായ്മയുടെ പേരിൽ വിമർശിച്ചതെന്നാണ് പാർട്ടിയിലെ യുവജനങ്ങൾ കുറ്റപ്പെടുത്തുന്നത്.

പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സി.പി.എം. ജില്ലാസമ്മേളനം ചുവപ്പുസേനാ പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവയോടെ ഞായറാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് മാധവജങ്ഷനിലെ മണ്ണാറശാല മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനത്തിനു മുന്നോടിയായുള്ള ബഹുജനറാലി നാലിന് നാരകത്തറയിൽനിന്നു തുടങ്ങും.

ഹരിപ്പാട് ഏരിയയിലെ പ്രവർത്തകർക്കൊപ്പം വടക്കൻ മേഖലയിലെ ഏരിയ കമ്മിറ്റികളിൽനിന്നുള്ള ചുവപ്പുസേനയും അണിനിരക്കും. തെക്കൻ മേഖലയിലെ ഏരിയ കമ്മിറ്റികളിൽനിന്നുള്ള വൊളന്റിയർമാരുടെ മാർച്ച് ആർ.കെ. ജങ്ഷനിൽനിന്നു നാലിന് തുടങ്ങും. ബഹുജനറാലിയും ചുവപ്പുസേനാമാർച്ചും സമ്മേളനനഗറിൽ സമാപിക്കും.

ചുവപ്പ് സേനാ വൊളൻറിയർമാരുമായെത്തുന്ന അരൂർ, ചേർത്തല, കഞ്ഞിക്കുഴി, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, തകഴി, ഹരിപ്പാട് ഏരിയയിലെ വാഹനങ്ങൾ ഡാണാപ്പടി പഴയ പാലത്തിനു കിഴക്ക് പ്രവർത്തകരെ ഇറക്കിയശേഷം മണ്ണാറശാല സ്കൂൾ മൈതാനത്ത് നിർത്തിയിടണം.

കാർത്തികപ്പള്ളി, കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ, മാന്നാർ ഏരിയകളിൽനിന്നുള്ള വൊളന്റിയർമാരെ ആർ. കെ. ജങ്ഷന് തെക്ക് ഇറക്കണം. തുടർന്ന്, വാഹനങ്ങൾ ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് നിർത്തിയിടണം. റാലിയിൽ പങ്കെടുക്കാൻ ഹരിപ്പാട് നിയോജകമണ്ഡലത്തിലെ 20 ലോക്കൽ കമ്മിറ്റികളിൽനിന്നു പ്രവർത്തകരെത്തും. ഇവരുടെ വാഹനങ്ങൾ മണ്ണാറശാല ക്ഷേത്രമൈതാനത്താണ് ഇടേണ്ടത്.