'തിരഞ്ഞെടുപ്പ് സഖാക്കളിൽ ഞെട്ടലും വലിയ നിരാശയുമാണ് ഉണ്ടാക്കിയിട്ടുള്ളത്' -സി.പി.എം. സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പറയുന്ന ഒരുവരിയാണിത്. പാർട്ടി പിറവികൊണ്ടതിനുശേഷമുള്ള ഒരു തിരഞ്ഞെടുപ്പ് അവലോകനത്തിലും ഇത്തരമൊരു വരി പാർട്ടിക്ക് എഴുതിച്ചേർക്കേണ്ടിവന്നിട്ടുണ്ടാവില്ല. എങ്ങനെ ഉയിർത്തെഴുന്നേൽക്കണമെന്ന ചിന്തയിലും ഒരു മരവിപ്പ് സി.പി.എമ്മിലുണ്ട്. കാരണം അടിത്തറ ഇളകി, ഒപ്പമുള്ളവരെല്ലാം ഒലിച്ചുപോകുന്ന സ്ഥിതിയാണ്. പക്ഷേ, ഈ റിപ്പോർട്ടിൽ സി.പി.എം. ഇനിയും തിരിച്ചറിയാത്ത ചില വസ്തുതകളുണ്ട്. അത്, സഖാക്കൾ സംഘികളാകുന്നോ? എന്നതാണ്. പാർട്ടിയുടെതന്നെ കണക്കുകൾ അതാണ് പറയുന്നത്. സി.പി.എം. കണ്ടെത്തലുകളുടെ രാഷ്ട്രീയം പരിശോധിക്കുകയാണിവിടെ. ബിജു പരവത്ത് തയ്യാറാക്കിയ പരമ്പര ഇന്നുമുതൽ

To advertise here,

………………………………………………..

കോ.ലീ.ബി. സഖ്യം എന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണായുധമായിരുന്നു. 1991-ൽ ബേപ്പൂർ നിയമസഭാമണ്ഡലത്തിലും വടകര ലോക്സഭാ മണ്ഡലത്തിലും ഇടതുപക്ഷമുന്നണിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പി.യും ലീഗും കൈകോർത്തു എന്നതാണ് ഈ പ്രചാരണത്തിന്റെ അടിസ്ഥാനം. ഈ വാദത്തിന് ബലംനൽകുന്ന വെളിപ്പെടുത്തലുകൾ പല പുസ്തകങ്ങളിലായി കിടപ്പുണ്ട്. ബി.ജെ.പി. ഒരു നിർണായകശക്തിയായി മാറാത്ത കാലത്ത് 'ഡീൽ' ആരോപണങ്ങൾ പലവട്ടം യു.ഡി.എഫിനുമേൽ എൽ.ഡി.എഫ്. ചുമത്തിയിട്ടുണ്ട്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാംവട്ടവും ഭരണത്തുടർച്ചതേടിയിറങ്ങിയ എൽ.ഡി.എഫിനെതിരേ 'ഡീൽ' ആരോപണം തുടക്കത്തിലേ വി.ഡി. സതീശൻ ഉയർത്തി. ബി.ജെ.പി.യുമായി പലമണ്ഡലങ്ങളിലും സി.പി.എം. ധാരണയുണ്ടാക്കിയെന്നതായിരുന്നു ആരോപണം. പാലക്കാട് അടക്കം എട്ട് മണ്ഡലങ്ങളെ ചൂണ്ടിയായിരുന്നു സതീശന്റെ ആരോപണം.

വോട്ടെടുപ്പ് കഴിഞ്ഞു. യു.ഡി.എഫ്. വലിയ വിജയംനേടി. ചരിത്രത്തിലില്ലാത്ത പരാജയം ഏറ്റുവാങ്ങി സി.പി.എം. നിലംപരിശായി. ബി.ജെ.പി. മൂന്നിടത്ത് വിജയിച്ചു. ഇടതുപക്ഷത്ത്, പ്രത്യേകിച്ച് സി.പി.എമ്മിൽ കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അടിക്കടിയുണ്ടായി. എന്താണ് സംഭവിച്ചത് എന്നറിയാതെ സി.പി.എം. അന്തിച്ചുനിന്നു. ബ്രാഞ്ചുതലംവരെയുള്ള പാർട്ടി അംഗങ്ങളോട് കാര്യങ്ങൾ ആരാഞ്ഞു. ഒടുവിൽ സംസ്ഥാനകമ്മിറ്റി തിരഞ്ഞെടുപ്പിന്റെ കാര്യകാരണങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി. 'പാർട്ടിക്കാണ് തെറ്റുപറ്റിയത്, വ്യക്തികൾക്കല്ല' എന്ന ഒറ്റവാക്കിലൊതുങ്ങാവുന്ന വീഴ്ച കണ്ടെത്തി. ഇനി തിരിച്ചുവരാനുള്ള തിരുത്തൽ നടപടിയാണെന്ന് പ്രഖ്യാപിച്ചു. പാർട്ടി കണ്ടെത്തിയ വീഴ്ചകൾ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി വിശദീകരിച്ചു.

സതീശൻ പറഞ്ഞതല്ല, 'ഡീൽ' തിരിച്ചായിരുന്നെന്നാണ് സി.പി.എം. കണ്ടെത്തിയത്. സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ് - 'ബി.ജെ.പി.യുടെ വോട്ടുകൾ പലസ്ഥലത്തും യു.ഡി.എഫിന്റെ വിജയത്തിന് സഹായമായി. ബി.ജെ.പി. ജയിച്ച മൂന്നിടത്തും യു.ഡി.എഫ്. മൂന്നാം സ്ഥാനത്താണ് എന്നത് അവർ തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണ്. ബി.ജെ.പി. പ്രധാനമായി കണ്ട മണ്ഡലങ്ങളിൽ വോട്ടുകൾ യു.ഡി.എഫിൽനിന്ന് ശേഖരിക്കണം. അല്ലാത്ത പലയിടങ്ങളിലും യു.ഡി.എഫിന് വോട്ടുകൾ മറിച്ചുനൽകാനുമുള്ള ഇടപെടലാണ് നടത്തിയത്. 30 മണ്ഡലങ്ങളിൽ ബി.ജെ.പി.വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചു.' ഓരോ മണ്ഡലത്തിലെയും വോട്ടുകണക്കുകൾ ശേഖരിച്ചും ബ്രാഞ്ച് തലംവരെ അവലോകനം നടത്തിയും സി.പി.എം. തയ്യാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിൽ പാർട്ടി എത്തിയ നിഗമനമാണിത്. എന്നാൽ, കണക്കുകൾ ആ നിഗമനം ശരിവെക്കുന്നില്ല. പാർട്ടി വോട്ടുകൾ ചോർന്നു. സഖാക്കൾ സംഘികളാകുന്നുണ്ടോയെന്ന് സംശയിക്കാവുന്നതാണ് ഈ ചോർച്ച.

2021-ലും 2026-ലും മൂന്നുമുന്നണികൾക്കും ലഭിച്ച വോട്ടുകണക്ക്, വോട്ടുശതമാനം ബ്രാക്കറ്റിൽ

District (ജില്ല)LDF 2021LDF 2026UDF 2021UDF 2026BJP 2021BJP 2026
Kasaragod (കാസർകോട്)3,18,392 (39.33)2,90,551 (33.20)3,11,886 (28.52)3,99,967 (45.70)1,68,299 (20.79)1,83,193 (20.93)
Kannur (കണ്ണൂർ)8,75,299 (53.00)7,63,806 (43.74)6,06,305 (36.72)7,85,268 (44.98)1,34,096 (8.19)1,70,207 (9.75)
Wayanad (വയനാട്)2,06,573 (43.74)1,81,569 (35.21)2,14,583 (45.44)2,49,200 (48.32)42,453 (8.99)70,164 (13.60)
Kozhikode (കോഴിക്കോട്)9,71,010 (47.05)8,76,255 (39.65)8,21,486 (39.80)10,33,465 (46.77)2,34,177 (11.35)2,74,154 (12.41)
Malappuram (മലപ്പുറം)10,66,755 (42.43)9,85,863 (33.99)12,33,395 (49.06)16,94,034 (58.42)1,47,295 (5.86)1,81,112 (6.25)
Palakkad (പാലക്കാട്)8,47,633 (47.49)7,67,797 (40.12)6,09,393 (34.14)7,37,698 (38.55)2,95,853 (16.58)3,10,942 (16.25)
Thrissur (തൃശ്ശൂർ)9,30,489 (47.22)7,99,449 (40.32)6,71,477 (34.07)7,97,391 (38.55)3,30,452 (17.94)3,55,757 (17.09)
Ernakulam (എറണാകുളം)7,85,414 (39.31)6,79,348 (33.43)8,55,296 (42.80)10,65,175 (52.42)173,942 (8.69)2,53,147 (12.46)
Idukki (ഇടുക്കി)3,06,175 (47.96)2,19,355 (34.81)2,72,873 (42.74)3,40,536 (53.99)44,882 (7.77)56,495 (8.96)
Kottayam (കോട്ടയം)5,14,891 (43.70)3,95,505 (34.29)4,75,090 (40.32)5,60,634 (48.60)1,15,156 (9.77)1,80,033 (15.61)
Pathanamthitta (പത്തനംതിട്ട)3,18,684 (43.40)2,59,630 (36.72)2,75,547 (37.62)3,02,654 (42.80)1,28,151 (17.45)1,37,669 (19.47)
Alappuzha (ആലപ്പുഴ)6,21,086 (45.96)5,22,579 (39.79)5,31,320 (39.34)5,99,885 (45.68)1,84,221 (13.54)1,89,121 (14.40)
Kollam (കൊല്ലം)7,28,198 (46.17)6,29,503 (38.75)6,28,092 (39.86)7,39,211 (45.50)1,94,123 (12.12)2,31,958 (14.28)
Thiruvananthapuram (തിരുവനന്തപുരം)9,17,033 (45.16)7,57,048 (38.05)6,79,126 (33.44)7,37,137 (37.05)3,99,043 (19.66)4,72,445 (23.75)

നമ്മുടെ വോട്ടും പോയി സഖാക്കളേ,

'ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ നല്ലരീതിയിൽ സഹായിച്ചിട്ടുണ്ട്. ഇടതുപക്ഷം തുടർച്ചയായി സംസ്ഥാനത്ത് വിജയിക്കുന്നത് ബി.ജെ.പി.യുടെ വളർച്ചയ്ക്ക് തടസ്സമായിത്തീരുമെന്ന് അവർ തിരിച്ചറിഞ്ഞു. അതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ യു.ഡി.എഫിന് വോട്ടുനൽകുന്ന നില സ്വീകരിച്ചു. മൂന്നുസീറ്റ് ജയിച്ചിട്ടും ആറ് ശതമാനം വോട്ടുകുറയാനിടയായ സാഹചര്യം ഇതാണ്' -പാർട്ടി റിപ്പോർട്ടിൽ പറയുന്നത് ഇതാണ്. വോട്ടുശതമാനത്തിലെ കുറവാണ് സി.പി.എം. ഈ നിഗമനത്തിലേക്ക് എത്താൻ അടിസ്ഥാനമാക്കിയത്. എന്നാൽ, എല്ലാജില്ലകളിലും എൽ.ഡി.എഫിന് വോട്ടുകുറഞ്ഞു. യു.ഡി.എഫിന് വോട്ടുകൂടി. പാലക്കാടും തൃശ്ശൂരും ഒഴികെയുള്ള ജില്ലകളിൽ ബി.ജെ.പി.ക്കും വോട്ടിന്റെ ശതമാനത്തിൽ വർധനയുണ്ടായി. അപ്പോഴും ഇടതുപക്ഷത്തുനിന്ന് ചോർന്ന വോട്ടുകൾ എവിടേക്കുപോയി എന്നതിന് സി.പി.എം. ഉത്തരം തേടുന്നില്ല.

ബി.ജെ.പി. ജയിച്ച മൂന്നുമണ്ഡലങ്ങളിൽ യു.ഡി.എഫ്. മൂന്നാംസ്ഥാനത്താണ് എന്നതാണ് 'ഡീൽ' ബന്ധം ഉറപ്പിച്ചുകൊണ്ട് സി.പി.എം. ആരോപിച്ചത്. എന്നാൽ, ഈ മൂന്നുമണ്ഡലങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ ഒരുഭാഗത്ത് പറയുന്നത് ഈ നിഗമനത്തിന് വിരുദ്ധമായ കാര്യമാണ്. 'നമ്മുടെ വോട്ടും കുറഞ്ഞിട്ടുണ്ട്. ചാത്തന്നൂർ (11,771) നേമം (3623), കഴക്കൂട്ടം (17,554) എന്ന നിലയിൽ കുറഞ്ഞു. നമ്മുടെ വോട്ടുകൾ ബി.ജെ.പി.ക്ക് ലഭിച്ചിട്ടുണ്ടെന്നതും നേരത്തേ ലഭിച്ച മതനിരപേക്ഷ വോട്ടുകൾ ഈ തിരഞ്ഞെടുപ്പിൽ നമുക്ക് ലഭ്യമായിട്ടില്ലെന്നും ഇത് വ്യക്തമാക്കുന്നു.' ചാത്തന്നൂരിലും കഴക്കൂട്ടത്തും യു.ഡി.എഫിന് വോട്ടുകൂടിയത് റിപ്പോർട്ടിൽ കാര്യമായി വിശദീകരിച്ചിട്ടുമില്ല. ശതമാനക്കണക്കിൽ പാലക്കാടും തൃശ്ശൂരും ബി.ജെ.പി.ക്ക് വോട്ടുകുറഞ്ഞതിനുള്ള പാർട്ടി നിരീക്ഷണം-'നമ്മൾ താരതമ്യേന മെച്ചപ്പെട്ട പ്രകടനംനടത്തിയ തൃശ്ശൂരിലും പാലക്കാടും ബി.ജെ.പി.യുടെ വോട്ടുശതമാനം കുറഞ്ഞിട്ടുണ്ട്. രണ്ട് ഘടകങ്ങൾ ഇതിന് ഇടയായിട്ടുണ്ടാവും. നമ്മുടെ വോട്ടുകൾ ബി.ജെ.പി.ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ടാകും. ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിലേക്ക് പോകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്'-ഇതാണ്. ഇനി വോട്ടുകണക്കുകൾ സി.പി.എമ്മിനെ കുറച്ചുകൂടി ആശങ്കപ്പെടുത്തുന്നതാണ്. പാലക്കാട് ജില്ലയിൽ ശതമാനക്കണക്കിൽ വോട്ടുകുറഞ്ഞിട്ടുണ്ടെങ്കിലും എണ്ണത്തിൽ 15,089 വോട്ട് ബി.ജെ.പി.ക്ക് കൂടിയിട്ടുണ്ട്. എൽ.ഡി.എഫിന് 79,836 വോട്ടു കുറഞ്ഞു. യു.ഡി.എഫിന് 1,28,305 വോട്ടുകൂടി. തൃശ്ശൂരിൽ എൽ.ഡി.എഫിന് കുറഞ്ഞത് 1,31,040 വോട്ടാണ്. ബി.ജെ.പി.ക്ക് 25,305 വോട്ടും യു.ഡി.എഫിന് 1,25,914 വോട്ടും കൂടി. പരാജയത്തിന്റെ കാരണം കണ്ടെത്തുന്ന സി.പി.എമ്മിന്, ബി.ജെ.പി.-യു.ഡി.എഫ്. ഡീൽ രാഷ്ട്രീയമായി ഉയർത്താമെങ്കിലും സഖാക്കളുടെ വോട്ടുകൾ സംഘിപക്ഷത്തേക്ക് മാറുന്നെന്നത് അപകടകരമായ മുന്നറിയിപ്പായി കാണേണ്ടിവരും.
(തുടരും)