
തൃശ്ശൂര്‍: ജില്ലയിലെ സിപിഐയിലുണ്ടായ പൊട്ടിത്തെറി ഏറെക്കാലമായി തുടരുന്ന പുകച്ചിലിനുശേഷം. നാട്ടികയിലെ എംഎല്‍എ സി.സി. മുകുന്ദനാണ് ഇപ്പോഴുണ്ടായ ഭിന്നതയ്ക്കു തുടക്കമിട്ടത്. 2021-ല്‍ എംഎല്‍എ ആയതുമുതല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ മസൂദ് കെ. വിനോദിനെ മാറ്റിത്തരണമെന്ന് മുകുന്ദന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിഗണിക്കാതിരുന്നത് എംഎല്‍എയെ ചൊടിപ്പിച്ചു.
വി.എസ്. സുനില്‍കുമാര്‍ മന്ത്രിയായിരിക്കുമ്പോഴും എംഎല്‍എയായിരിക്കുമ്പോഴും പിഎ ആയിരുന്നു മസൂദ്. പിഎയായി പാര്‍ട്ടി നിയമിച്ച വ്യക്തി ലെറ്റര്‍ ഹെഡ്ഡുകള്‍ ദുരുപയോഗം ചെയ്‌തെന്ന എംഎല്‍എയുടെ പരാതി കേസിലേക്കെത്തി.
ഇതിനിടെ പാര്‍ട്ടി നിയോഗിച്ച പേഴ്‌സണല്‍ അസിസ്റ്റന്റും എംഎല്‍എ കണ്ടെത്തി നിയോഗിച്ച ഓഫീസ് അസിസ്റ്റന്റും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായി. പേഴ്‌സണല്‍ അസിസ്റ്റന്റിനെ മാറ്റണമെന്നും ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുകുന്ദന്‍ നിയമസഭയ്ക്ക് കത്തയച്ചു.
അതോടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജിവെച്ചു. തുടര്‍ന്ന് നടപടിയുണ്ടാകാതിരുന്നതോടെ മുകുന്ദന്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു. ജനുവരി 28-ന് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എംഎല്‍എയുടെ മൊഴിയെടുത്തു. മൊഴിയില്‍ ഉറച്ചുനിന്നതോടെ, പേഴ്‌സണല്‍ അസിസ്റ്റന്റിനെതിരേ കര്‍ശനവകുപ്പുകളില്‍ കേസെടുത്തു. ഇത് പാര്‍ട്ടിക്ക് ക്ഷീണമായി.
കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റണമെന്ന് എംഎല്‍എയ്ക്കുമേല്‍ പാര്‍ട്ടി ഉന്നതതലത്തില്‍നിന്ന് സമ്മര്‍ദമുണ്ടായി. ഇതിനായി പാര്‍ട്ടിയുടെ ജില്ലാ സെന്റര്‍ ചേര്‍ന്നു. കണ്‍ട്രോള്‍ കമ്മിഷനും ഇടപെട്ടു. എന്നാല്‍ എംഎല്‍എ പ്രതികരിച്ചില്ല.
എംഎല്‍എയുടെ നീക്കത്തിനു കാരണം ഓഫീസ് അസിസ്റ്റന്റ് ആണെന്ന് വിലയിരുത്തി അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ചേര്‍പ്പ് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഇത് ജില്ലാ എക്‌സിക്യുട്ടീവ് അംഗീകരിച്ചു. എന്നാല്‍, നടപ്പാക്കാന്‍ എംഎല്‍എ തയ്യാറായില്ല. അതിനിടെ സംഭവം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിലെത്തുകയും എംഎല്‍എയ്ക്ക് താക്കീത് കിട്ടുകയും ചെയ്തു.
അതോടെ ഓഫീസ് അസിസ്റ്റന്റിനെ മാറ്റി. പിന്നീട് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ഇതിനെത്തുടര്‍ന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ പല തലങ്ങളിലായി ഉയര്‍ന്നു. ഇതിനിടെ എംഎല്‍എയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടായ തര്‍ക്കവും തലവേദനയായി. ഇദ്ദേഹത്തെ സ്ഥലംമാറ്റിയാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്.
നിയമസഭാംഗങ്ങളില്‍ സി.സി. മുകുന്ദന്‍ മാത്രം പുറത്ത്
ജില്ലാസമ്മേളനം അവസാനിച്ചപ്പോള്‍ ജില്ലയിലെ സിപിഐ എംഎല്‍എമാരെല്ലാം ജില്ലാ കൗണ്‍സില്‍ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സി.സി. മുകുന്ദന്‍ മാത്രം പുറത്ത്. നാട്ടിക മണ്ഡലത്തിലെ എംഎല്‍എയും അന്തിക്കാട്ടുനിന്നുള്ള മുതിര്‍ന്ന നേതാവുമായ മുകുന്ദനെ ഒഴിവാക്കിയതിന് വ്യക്തമായ കാരണങ്ങളും പറഞ്ഞിട്ടില്ല.
പി. ബാലചന്ദ്രന്‍, ഇ.ടി. ടൈസണ്‍, വി.ആര്‍. സുനില്‍കുമാര്‍ എന്നീ എംഎല്‍എമാരെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സിപിഐയുടെ കര്‍ഷകബഹുജന സംഘടനയായ ബികെഎംയുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് മുകുന്ദന്‍. പാര്‍ട്ടി മാനദണ്ഡപ്രകാരം എഴുപത്തിയഞ്ചാണ് ഒഴിയേണ്ട പ്രായപരിധി. അറുപത്തിയേഴുകാരനാണ് മുകുന്ദന്‍.
പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും; എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും തയ്യാര്‍ - സി.സി. മുകുന്ദന്‍
സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതല്ല, അഭിപ്രായം പറഞ്ഞു പോരുകയായിരുന്നെന്ന് സി.സി. മുകുന്ദന്‍ എംഎല്‍എ പ്രതികരിച്ചു. പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കള്ള ഒപ്പിട്ട് പറ്റിച്ച് പണം തട്ടിയ മുന്‍ പിഎ മസൂദ് കെ. വിനോദിനെതിരേ പരാതി ഇല്ലെന്ന് പറയാന്‍ നേതൃത്വം പ്രേരിപ്പിച്ചു. ഒപ്പിട്ടത് താനാണെന്ന് പറയണമെന്നും പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നും മസൂദിനെ വിളിച്ച് അന്വേഷിച്ച് പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മസൂദിനെതിരേ വ്യാജരേഖ ചമയ്ക്കല്‍ കേസ് തിരുവനന്തപുരം മ്യൂസിയം പോലീസ് എടുത്തിട്ടുണ്ട്.
മസൂദ് 15 വര്‍ഷം വി.എസ്. സുനില്‍ കുമാറിന്റെ പിഎ ആയിരുന്നു. കളവ് നടത്തുന്നവരെ ഒരിക്കലും സംരക്ഷിക്കില്ല. നവകേരളസദസ്സിനിടെയുണ്ടായ സംഭവത്തില്‍ എസിപിക്കെതിരായ പരാതി പിന്‍വലിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. അതിനും താന്‍ തയ്യാറായില്ല. അഴിമതിക്കാരെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ പറ്റില്ലെന്നും എംഎല്‍എ മാതൃഭൂമിയോട് പറഞ്ഞു.
ജില്ലാ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതില്‍ വിഷമമില്ല. വി.എസ്. സുനില്‍കുമാറും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും അടക്കമുള്ളവര്‍ തനിക്കെതിരേ സംസാരിച്ചു. പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍. രമേശ് കുമാറിന്റെയും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിന്റെയും വി.എസ്. സുനില്‍കുമാറിന്റെയും രാഷ്ട്രീയ വൈരമാണ് പുറത്താക്കലിന് പിന്നില്‍. അവരുടെ ആളുകള്‍ വരാനാണ് തന്നെ ഒഴിവാക്കിയതെന്നും എംഎല്‍എ തുറന്നടിച്ചു.
ജില്ലാ സമ്മേളനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍ രമേശ്കുമാര്‍ തനിക്കെതിരെ പ്രതിനിധികളെ കൊണ്ട് വിമര്‍ശനങ്ങള്‍ മന:പൂര്‍വ്വം പറയിപ്പിച്ചതായും എതിര്‍പ്പുകള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ത്തെന്നും മുകുന്ദന്‍ ആരോപിക്കുന്നു. ചെറുപ്പം മുതല്‍ വളരെ കഷ്ടപ്പെട്ട് സംഘടനാ പ്രവര്‍ത്തനം നടത്തിയാണ് ഇതുവരെ എത്തിയത്. സമ്മേളനത്തിനുശേഷം സിപിഐ സംസ്ഥാന നേതാക്കളില്‍ ചിലര്‍ ഐക്യദാര്‍ഢ്യം വിളിച്ചറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയെ ജില്ലാ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതില്‍ സമ്മേളന പ്രതിനിധികളില്‍ അമര്‍ഷവും അഭിപ്രായ വ്യത്യാസവുമുയര്‍ന്നതായും അറിയുന്നു.
Content Highlights: CPI MLA C.C. Mukundan`s exclusion from the Thrissur District Council follows a dispute
Published: 14 Jul 2025, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented