File Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച വീണ്ടും കോവിഡ് അവലോകന യോഗം ചേരും. നാളെ മൂന്നുമണിക്ക് ചേരുന്ന യോഗത്തിന് ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. സ്‌കൂളുകള്‍ അടയ്ക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ എടുത്തേക്കില്ലെന്നാണ് അറിയുന്നത്. സ്‌കൂള്‍ അടയ്ക്കണമെന്ന നിര്‍ദേശം വിദഗ്ധ സമിതി ശക്തമായി മുന്നോട്ടുവെച്ചാല്‍ ഭാഗികമായ നിയന്ത്രണം കൊണ്ടുവന്നേക്കും.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ തുടരാന്‍ അനുമതി നല്‍കിയേക്കും. ഇതിനായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ത്വരിതപ്പെടുത്താനുള്ള ശ്രമം ആരോഗ്യവകുപ്പിന്റെ ഭാഗമായുണ്ടാകും. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും ഡെല്‍റ്റയും കുട്ടികളില്‍ വലിയ ആഘാതമുണ്ടാക്കില്ലെന്ന നിഗമനമാണ് ആരോഗ്യവകുപ്പിനുള്ളത്. അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തുടരാന്‍ അനുമതി നല്‍കിയേക്കും. വിദ്യാലയങ്ങള്‍ അടയ്‌ക്കേണ്ടതില്ല എന്നതാണ് വിദഗ്ധ സമിതി നിലവില്‍ പറയുന്നത്. ഇതില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണ്. അതേസമയം വിദ്യാലയങ്ങള്‍ കോവിഡ് ക്ലസ്റ്റര്‍ കേന്ദ്രങ്ങളായാല്‍ അതിനനുസരിച്ചുള്ള നടപടികളുണ്ടാകും.
സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് വ്യാപനമുണ്ടാകുന്നത് സംബന്ധിച്ച കഴിഞ്ഞ അവലോകന യോഗത്തില്‍ വാരാന്ത്യ നിയന്ത്രണം, ആള്‍കൂട്ടമുണ്ടാകുന്നത് തടയല്‍, ഓഫീസുകളിലെ ഹാജര്‍ നില കുറയ്ക്കല്‍, സ്‌കൂളുകള്‍ അടയ്ക്കല്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ചീഫ്സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥര്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ അത് വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും.
അങ്ങനെ വന്നാല്‍ ഓഫീസുകളില്‍ എത്തുന്ന ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള തീരുമാനം വന്നേക്കും. കൂടാതെ ഷോപ്പിങ് മാളുകളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിശ്ചിതപ്പെടുത്തല്‍, ഹോട്ടലുകളിലും റെസ്റ്റൊറന്റുകളിലും ഇരുന്നു കഴിക്കാനുള്ള അനുമതി ഒഴിവാക്കല്‍ എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ വന്നേക്കും. ആള്‍കൂട്ടം ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക തീരുമാനം വന്നേക്കും. പൊതുസ്ഥലത്ത് കൂട്ടം കൂടുന്ന പരിപാടികള്‍ നിയന്ത്രിക്കാനും സാധ്യതയുണ്ട്.
നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മാത്രമാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്നത്തേതിനെ അപേക്ഷിച്ച് കോവിഡ് സ്ഥിരീകരണ നിരക്ക് ഇപ്പോള്‍ കുത്തനെ ഉയര്‍ന്നു. 12.7 ശതമാനത്തില്‍ നിന്ന് 17 ശതമാനമാത്തിലേക്കാണ് ടിപിആര്‍ വര്‍ധിച്ചത്. ഇനിയും നിയന്ത്രണ വിധേയമാക്കി നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന നിലപാട് ഉദ്യോഗസ്ഥര്‍ യോഗത്തിലെടുത്തേക്കും. ചികിത്സാര്‍ഥം അമേരിക്കയിലേക്ക് മുഖ്യമന്ത്രി പോകുന്നതിനാല്‍ വരുന്ന രണ്ടാഴ്ച കോവിഡ് അവലോകന യോഗത്തിന് മുഖ്യമന്ത്രി ഉണ്ടായേക്കില്ല. ഇതുകൂടി പരിഗണിച്ചാണ് നാളത്തെ യോഗം.
content highlights: covid spread, government may forced to tighten controls in state
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..