കോട്ടയം: കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട പരസ്യ പ്രചരണങ്ങള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരിക്കുന്നത്. 

To advertise here,

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയും സംസ്ഥാനമൊട്ടാകെ ജാഗ്രതാ നിര്‍ദേശമടക്കം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ കണ്ടതുപോലെയുള്ള നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നാവശ്യപ്പെട്ടാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഇത്തരത്തില്‍ ഒരാവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തോതില്‍ ആള്‍ക്കൂട്ട പ്രചരണവും റാലികളും പൊതുയോഗങ്ങളും എല്ലാം സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത് അപകടമാണ് എന്നും ജനങ്ങള്‍ വലിയതോതില്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള ഇത്തരം പൊതുപരിപാടികള്‍ നിര്‍ത്തിവെക്കണം എന്നും ആവശ്യപ്പെട്ടാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. 

കേരളത്തില്‍ കോവിഡ് കഴിഞ്ഞ് നടത്തപ്പെട്ട തിരഞ്ഞെടുപ്പുകളുടെ പ്രചരണങ്ങളില്‍ ഫലപ്രദമായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും എടുത്തിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അത്തരം മുന്‍കരുതലുകള്‍ കൈക്കൊള്ളാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം എന്നാണ് സംഘടനയുടെ ആവശ്യം. 

കേരളത്തില്‍ പുതുതായി 127 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 1806 ആയി. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 391 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗികളുടെ എണ്ണം 5755 ആയി.