തിരുവനന്തപുരം: നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി എം.എല്‍.എ കുറുക്കോളി മൊയ്തീനും സിപിഎം നേതാവ് എം.എം.മണിയും. നവകേരളസദസ്സിന് നേരെയായിരുന്നു കുറുക്കോളി മൊയ്തീന്റെ അധിക്ഷേപം. മുഖ്യമന്ത്രിയും മന്ത്രിമാരും തെരുവിലേക്കിറങ്ങിയതിനാല്‍ തെരുവുനായയുടെ ശല്യം കുറഞ്ഞെന്നും നവകേരളസദസ്സിനിടെ തെരുവുനായ വാര്‍ത്തകള്‍ കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മൊയ്തീന്റെ പ്രസ്താവന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കുന്നതാണെന്നും ഇത് സഭാരേഖകളില്‍ നിന്ന് പിന്‍വലിക്കണമെന്നും പി.പി. ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.
'മന്ത്രിമാര്‍ എല്ലാംകൂടെ തെരുവിലേക്കിറങ്ങിയത് ഇവിടെയൊന്നും നിങ്ങള്‍ക്ക് ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്. അതിന് നവകേരളസദസ്സെന്ന് പേരിട്ട് ആകെ നിങ്ങള്‍ നാട്ടില്‍ ചുറ്റിനടന്നു. ചെറിയൊരു ആനുകൂല്യം കിട്ടി. നിങ്ങള്‍ മന്ത്രിമാരെല്ലാം കൂടെ തെരുവിലേക്കിറങ്ങിയപ്പോള്‍ ഒന്നരമാസകാലം തെരുവുനായയുടെ ശല്യമൊന്നും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല. അങ്ങനെയൊരു ആശ്വാസം കിട്ടിയെന്നല്ലാതെ നിങ്ങളുടെ ഈ തെരുവുനാടകംകൊണ്ട് എന്താണ് കേരളത്തിന് നേട്ടമുണ്ടായത്?', എന്നായിരുന്നു മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞത്.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുമേലുള്ള ചര്‍ച്ചയിലാണ് പരാമര്‍ശമുണ്ടായത്. നവകേരളസദസ്സുമായി ബന്ധപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ ആരെയും കണ്ടില്ലെന്ന വിമര്‍ശനം തൊട്ടുമുന്‍പ് സംസാരിച്ചിരുന്നവരെല്ലാം ഉന്നയിച്ചിരുന്നു. അതിനുമറുപടിയായാണ് മൊയ്തീന്‍ ഈക്കാര്യം പറഞ്ഞത്. ഇതിനെതിരേ വലിയ വിമര്‍ശനമാണ് ഭരണപക്ഷത്തുനിന്നുയർന്നത്.
'സഭയില്‍ ചേരാത്ത നിലയിലുള്ള പരാമര്‍ശമാണ് എംഎല്‍എ നടത്തിയിരിക്കുന്നത്. തെരുവുപട്ടികള്‍ എന്ന നിലയിലാണ് സംസാരിച്ചിരിക്കുന്നത്. മന്ത്രിമാരേക്കുറിച്ചും എംഎല്‍എമാരേക്കുറിച്ചും ആ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സഭാരേഖകളില്‍ നിന്ന് പിന്‍വലിക്കണം', പി.പി. ചിത്തരഞ്ജൻ ആവശ്യപ്പെട്ടു.
മൊയ്തീന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു എം.എം മണി മറ്റൊരു വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസാണ് ഇത്രയും കാലം ഗവര്‍ണര്‍മാരെ കൊണ്ട് മാമാപണി ചെയ്യിപ്പിച്ചതെന്നായിരുന്നു മണിയുടെ വിമര്‍ശനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മോദിക്കുവേണ്ടി വിടുപണി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണിയുടെ പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിപക്ഷ ബഹളമാണ് സഭയിലുണ്ടായത്. മ്ലേച്ഛമായ പരാമര്‍ശമാണ് നടത്തിയതെന്നും ഇത് സഭാരേഖകളില്‍ നിന്ന് നീക്കംചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Content Highlights: controversial remark on navakerala sadass by Kurukkoli Moideen MLA; MM Mani aganist congress
Published: 30 Jan 2024, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented