കൊല്ലം: കെപിസിസി പലതവണ ഉഷാറാക്കാന്‍ തീരുമാനിച്ചിട്ടും മരവിച്ച്, കോണ്‍ഗ്രസ് സാമൂഹികമാധ്യമവിഭാഗം. ഡിജിറ്റല്‍ മീഡിയ സെല്ലിന് താഴേത്തട്ടുവരെ ഘടകങ്ങളുണ്ടാക്കാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പാര്‍ട്ടി പരിപാടികളും നയങ്ങളും ആസ്പദമാക്കി ചെറുവീഡിയോകളും ഇന്‍ഫോഗ്രാഫിക്കുകളും പോസ്റ്ററുകളും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കണമെന്ന കെപിസിസി നിര്‍ദേശവും നടക്കുന്നില്ല.

To advertise here,

നേതാക്കള്‍ സ്വന്തം പേജുകളിലൂടെയും മറ്റും സാമൂഹികമാധ്യമങ്ങളില്‍ സജീവമാണെങ്കിലും പാര്‍ട്ടി എന്നനിലയില്‍ ഇത് നടക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിമര്‍ശം. പ്രധാന രാഷ്ട്രീയ എതിരാളികളായ സിപിഎമ്മും ബിജെപിയും സാമൂഹികമാധ്യമങ്ങളെ പരമാവധി ഉപയോഗിക്കുമ്പോള്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വളരെ പിന്നിലാണെന്ന് കെപിസിസി യോഗങ്ങളില്‍ പലതവണ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

പ്രൊഫഷണലുകളെ ഉപയോഗിച്ച് ഏരിയ കമ്മിറ്റി ഓഫീസുകളില്‍വരെ സ്റ്റുഡിയോ ക്രമീകരിച്ചാണ് സിപിഎം സാമൂഹികമാധ്യമവിഭാഗം പ്രവര്‍ത്തിക്കുന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. സിപിഎം പാളയത്തിലെത്തിയ ഡോ. പി. സരിന്‍ വഹിച്ചിരുന്ന ചുമതലയില്‍ ഇതുവരെ പകരക്കാരനെ നിയോഗിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിട്ടും ഇതിനു തയ്യാറാകാത്ത കെപിസിസി നേതൃത്വത്തിനെതിരേ പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

ഐടി പ്രൊഫഷണലും ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ്  അംഗവുമായിരുന്ന രഞ്ജിത് ബാലനാണ് തുടക്കത്തിൽ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൻ്റെ ചുക്കാൻ പിടിച്ചിരുന്നത്. പിന്നീട് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കൺവീനർ സ്ഥാനം വഹിച്ചു. അദ്ദേഹം ബിജെപി അനുകൂല പ്രസ്താവന നടത്തിയതിന് പിന്നാലെ പകരക്കാരനായി ഡോ. സരിനെ കൊണ്ടുവരികയായിരുന്നു. കൺവീനർമാരായിരുന്ന അനിൽ ആൻ്റണിയും സരിനും പാര്‍ട്ടിവിട്ടെന്ന പേരുദോഷവും കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുന്നുണ്ട്.

എഐസിസിയുടെ അഹമ്മദാബാദ് ന്യായ് പഥ് പ്രമേയത്തിലെ പ്രധാന ആശയങ്ങള്‍ റീല്‍സായും പോസ്റ്ററായും പ്രചരിപ്പിക്കണമെന്ന കഴിഞ്ഞ കെപിസിസി യോഗ തീരുമാനവും നടപ്പാക്കാനായില്ല. കെപിസിസി നല്‍കുന്ന സര്‍ക്കുലറുകള്‍ക്ക് നേതാക്കള്‍പോലും വില കല്‍പ്പിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.