
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിൽ മർദനമേറ്റ വിദ്യാർഥിക്ക് രണ്ട് ലക്ഷം രൂപ സർക്കാർ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ആറാഴ്ചക്കുള്ളിൽ തുക നൽകണമെന്നും ഇത് ഉദ്യോഗസ്ഥരിൽനിന്ന് നിയമാനുസൃതമായി തിരിച്ചുപിടിക്കാമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
എസ്.ഐ.യിൽനിന്ന് 1,60,000 രൂപയും നാലു പോലീസുകാരിൽനിന്നുമായി 10,000 രൂപ വീതവുമാണ് തിരിച്ചുപിടിക്കുക. ആറാഴ്ചയ്ക്കുള്ളിൽ വിദ്യാർഥിക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശ നൽകണം.
2023 ഫെബ്രുവരി 22-നാണ് കേസിനാസ്പദമായ സംഭവം. വെഞ്ഞാറമൂട് തൈക്കാട് റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. വെഞ്ഞാറമൂട് എസ്.ഐ.യും പോലീസുകാരും ചേർന്ന് കസ്റ്റഡിയിൽവെച്ച് ക്രൂരമായി മർദിച്ചതായാണ് പരാതി. ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. 20 വയസ്സുള്ള വിദ്യാർഥിയെ പോലീസ് മർദിച്ചതായി ജില്ലാ പോലീസ് മേധാവിയും സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ടുകൾവഴി സമ്മതിച്ചിരുന്നു. എന്നാൽ, എസ്.ഐ.യ്ക്ക് റെക്കോഡ് വാണിങ് മാത്രം നൽകിയ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണമെന്ന് കേസ് പരിഗണിക്കവേ കമ്മിഷൻ ആവശ്യപ്പെട്ടു. പോലീസിനെതിരേ കർശനനടപടിയെടുക്കണമെന്ന് സംസ്ഥാന-ജില്ലാ പോലീസ് മേധാവികളോട് കമ്മിഷൻ ആവശ്യപ്പെട്ടു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് മൂന്നുമാസത്തിനകം സമർപ്പിക്കണം.
Content Highlights: Human Rights Commission ordered Rs 2 lakh compensation for the student tortured in police custody., Compensation amount to be recovered legally from the responsible SI and four policemen., Incident occurred on February 22, 2023, at Venjaramoodu while the student was waiting for a bus., Government asked to review the lenient warning given to the SI and take strict action.
Published: 14 Oct 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented