
തിരുവനന്തപുരം: നേതാക്കളുടെ അനുഭാവിസൈബർഗ്രൂപ്പുകളുടെ ആസൂത്രിത ആക്രമണത്തിൽ ഗതിമുട്ടി കോൺഗ്രസ്. നേതാക്കൾക്കുപോലും പിടിച്ചുനിർത്താനാകാത്തവിധം പാർട്ടിക്കുള്ളിലെ എതിർപക്ഷ നേതാക്കളെ കടന്നാക്രമിക്കുന്ന രീതിയിലേക്ക് മാറുകയാണ് സൈബർ പോരാളികൾ. ജെബി മേത്തർ എം.പി., ദീപ്തി മേരി വർഗീസ്, ജോൺസൺ എബ്രഹാം എന്നീ നേതാക്കളുടെ പരാതി പോലീസിലുണ്ട്. ഇതിലെല്ലാം ഏതെങ്കിലും കോൺഗ്രസ് നേതാവിന്റെ അനുഭാവിയാണ് ‘പോരാളി’. അതിനാൽ, എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത പരാതിയിൽപ്പോലും കാര്യമായ നടപടിയിലേക്ക് കടക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
മുഖ്യമന്ത്രിക്കെതിരേ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് തൊടുത്തുവിട്ട ആരോപണത്തിന്റെ മാറ്റൊലി ഒരുപരിധിവരെ അടങ്ങിയതാണ്. അടൂർ പ്രകാശിന്റേത് അസമയത്തുള്ള യുദ്ധപ്രഖ്യാപനമാണെന്ന നിലപാടിലാണ് ഭൂരിപക്ഷം നേതാക്കളും. എ.ഐ.സി.സി.ക്ക് പരാതിനൽകി പോരിന്റെ ഒരുഘട്ടം പൂർത്തിയാക്കി അടൂർ പ്രകാശും പിൻവാങ്ങിയമട്ടാണ്. പക്ഷേ, സൈബറിടത്തിൽ അതിരൂക്ഷമായ വെട്ടുകിളി ആക്രമണത്തിനാണ് അത് വഴിവെച്ചത്. അടൂർ പ്രകാശിനെ പിന്തുണയ്ക്കുന്നരീതിയിൽ അഭിപ്രായം പ്രകടിപ്പിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എം.പി.യാണ് സൈബർ ഇടത്തിലെ പ്രധാന ഇര. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച വടംവലിയിൽ വി.ഡി. സതീശനെ പിന്തുണച്ചവരാണ് വമർശകരിലേറെയും.
അതേസമയം ഇതൊന്നും നേതാക്കൾ ചെയ്യിപ്പിക്കുന്നതാണെന്ന ആരോപണം ഒരുപക്ഷവും ഉന്നയിക്കുന്നില്ല. ഇത് രാഷ്ട്രീയപ്രവർത്തനമല്ലെന്നും ഇത്തരക്കാർക്കെതിരേ നടപടിയെടുക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കേണ്ട കെ.പി.സി.സി. മരവിച്ചുകിടക്കുകയാണ്. പാർട്ടിയുടെ ഔദ്യോഗിക സൈബർ വിഭാഗവും മൃതാവസ്ഥയിൽ. കെ.പി.സി.സി. സൈബർ വിഭാഗത്തിന് ഇപ്പോൾ ചുമതലക്കാരുമില്ല.
Content Highlights: Congress party faces internal turmoil due to coordinated cyber attacks by supporter groups. MP Jebi Mather, Deepti Mary Varghese, and Johnson Abraham file police complaints regarding cyber abuse. Police action remains stalled as most accused individuals are affiliated with Congress internal factions. Attack intensifies following remarks made by UDF Convener Adoor Prakash against the Chief Minister. KC Venugopal demands strict action, while the KPCC cyber wing remains inactive without official heads.
Published: 08 Oct 2026, 04:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented