തിരുവനന്തപുരം: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഓഡിഷന്റെ പേരില്‍ പണപ്പിരിവ്. തിരുവനന്തപുരം പ്രസ് ക്ലബ്ബിലാണ് സംഭവം. അഭിനയമോഹവുമായി എത്തിയ ഓരോരുത്തരില്‍ നിന്നും 200 രൂപ വീതമാണ് സംഘം വാങ്ങിയത്. മാതൃഭൂമി ന്യൂസ് വാര്‍ത്താസംഘത്തെ കണ്ടതോടെ സംഘാടകര്‍ 'ഓഡിഷന്‍' അവസാനിപ്പിച്ച് മുങ്ങി.

To advertise here,

നാല്‍പ്പതോളം പേരാണ് ഓഡിഷനില്‍ പങ്കെടുക്കാന്‍ പ്രസ് ക്ലബ്ബില്‍ എത്തിയത്. ഇവരില്‍ നിന്ന് പണം വാങ്ങുന്നതിന്റെ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു. സിനിമാമേഖലയില്‍ നിന്നുള്ളവരുടെ തന്നെ ശുപാര്‍ശ പ്രകാരമാണ് ഓഡിഷനായി ഹാള്‍ വിട്ടുനല്‍കിയതെന്നാണ് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നത്. 

പണപ്പിരിവ് നടക്കുന്നതായി വാര്‍ത്തയിലൂടെയാണ് പ്രസ് ക്ലബ്ബ് ഭാരവാഹികളും അറിഞ്ഞത്. അഫ്‌സല്‍ എന്നയാളാണ് ഓഡിഷന്‍ നടത്തിയത് എന്നാണ് വിവരം. മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ സംഘം പണപ്പിരിവ് അവസാനിപ്പിച്ച് കാറിലും ഓട്ടോറിക്ഷയിലുമായി കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

കാസര്‍കോട് ഉള്‍പ്പെടെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സിനിമാമോഹവുമായി ഓഡിഷനില്‍ പങ്കെടുക്കാന്‍ ആളുകളെത്തിയിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഓഡിഷന്‍ സംബന്ധിച്ച വിവരം ഇവര്‍ അറിഞ്ഞത്.