മോഹിത് സൂരി സംവിധാനം ചെയ്ത ‘സയ്യാര’യിലൂടെ നായികയായെത്തി ആരാധകരുടെ മനം കവര്‍ന്ന സുന്ദരിയാണ് അനീത് പദ്ദ. എന്നാല്‍ നായികനടിയിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമല്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് അവര്‍. 17-ാം വയസില്‍ ഓഡിഷനുകള്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് വെബ്‌സൈറ്റുകളില്‍ വരെ ചെന്നുപെട്ടുവെന്ന് നടി പറയുന്നു. അടുത്തിടെ കോസ്‌മോപൊളിറ്റന്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബോളിവുഡിലെ ഒട്ടുമിക്ക പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളുടെ പക്കലും തന്റെ 'മോശം ബയോഡാറ്റയുടെയും സ്‌നാപ്പ്ചാറ്റ് ഫില്‍ട്ടര്‍ ഫോട്ടോകളുടെയും' കോപ്പിയുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. അഭിനയത്തോടുള്ള തന്റെ ഇഷ്ടം കുട്ടിക്കാലത്ത് തന്നെ തുടങ്ങിയതാണെന്ന് അനീത് പറയുന്നു. 10-ാം വയസ്സില്‍ അമൃത്സറിലെ ഒരു സ്‌കൂള്‍ നാടകത്തില്‍ അഭിനയിച്ചതാണ് അഭിനയത്തോട് താത്പര്യം തോന്നാന്‍ കാരണമെന്നും അവര്‍ ഓര്‍മ്മിച്ചു. ആ സമയത്ത് പ്രോത്സാഹനം വളരെ കുറവായിരുന്നു. സുഹൃത്തുക്കളില്‍നിന്നും ഒരുകാലത്ത് അഭിനയമോഹം ഉണ്ടായിരുന്ന പിതാവില്‍ നിന്നുപോലും പിന്തുണ ലഭിക്കാത്തത് തന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയെന്നും അവര്‍ പറയുന്നു.
കൗമാരപ്രായത്തില്‍ അഭിനയം ഒരു കരിയറാക്കാന്‍ തീരുമാനിച്ച അനീത് ഓണ്‍ലൈനില്‍ ഓഡിഷനുകള്‍ തിരയാന്‍ തുടങ്ങി. ഇതില്‍ പലതും തട്ടിപ്പായിരുന്നു. കോവിഡിന്റെ സമയത്തുപോലും അവസങ്ങള്‍ക്കായി ഓണ്‍ലൈനില്‍ തിരഞ്ഞു. പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ ഏകദേശം 70 പ്രൊഡക്ഷന്‍ ഹൗസുകളിലേക്ക് ഓഡിഷന്‍ ടേപ്പുകളും ഇമെയിലുകളും അയച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍, ശരിയായ കാസ്റ്റിംഗ് അവസരങ്ങള്‍ മിക്കപ്പോഴും പ്രൊഫഷണല്‍ ഏജന്‍സികള്‍ വഴിയാണ് എന്ന കാര്യം തിരിച്ചറിഞ്ഞുവെന്നും അനീത് പറയുന്നു.
‘സയ്യാര’യില്‍ നായികയാവുന്നതിന് മുന്‍പ്, കജോളിന്റെ 'സലാം വെങ്കി'യിലും 'ബിഗ് ഗേള്‍സ് ഡോണ്ട് ക്രൈ'യിലും അനീത് അഭിനയിച്ചിട്ടുണ്ട്. മോഹിത് സൂരി സംവിധാനം ചെയ്ത് യാഷ് രാജ് ഫിലിംസ് നിര്‍മിച്ച മ്യൂസിക്കല്‍ റൊമാന്റിക് ഡ്രാമയാണ് ‘സയ്യാര’. 2004-ലെ കൊറിയന്‍ ക്ലാസിക് ചിത്രമായ 'എ മൊമന്റ് ടു റിമെംബറി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രത്തില്‍ അനീതിന്റെ നായകനായെത്തിയത് അഹാന്‍ പാണ്ഡെയാണ്. വന്‍ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രം ലോകമെമ്പാടുമായി 579 കോടിയിലധികം രൂപ കളക്ഷനും നേടി.
Content Highlights: saiyaara actress aneet padda opens up about falling for fake audition scams
Published: 06 Oct 2025, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented