കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ 'ഐ ലവ് പാകിസ്താൻ' എന്നെഴുതിയത് കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളും പോലീസും അന്വേഷണം തുടങ്ങി. കപ്പലിന്റെ ഉൾവശത്തെ ചുമരിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് ഇത് എഴുതിയിരുന്നത്.

To advertise here,

വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ 14-നാണ് കപ്പലിനുള്ളിൽ എഴുത്ത് കണ്ടെത്തിയത്. അധികൃതർ ആഭ്യന്തര അന്വേഷണം നടത്തുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം ടൗൺ സൗത്ത് പോലീസ് നിരവധി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിശദമായ പരിശോധനകൾ പുരോഗമിക്കുകയാണ്.

അറ്റകുറ്റപ്പണികൾ നടന്ന സമയത്ത് സ്ഥിരം ജീവനക്കാരും കരാർ തൊഴിലാളികളും ഉൾപ്പെടെ നൂറോളം പേർക്ക് ഈ കപ്പലിലേക്ക് പ്രവേശനമുണ്ടായിരുന്നു. എഴുത്ത് കണ്ടെത്തിയ ഭാഗത്ത് സി.സി.ടി.വി. ക്യാമറകൾ ഇല്ലായിരുന്നു. കപ്പൽ അറ്റകുറ്റപ്പണിക്കായി കൊച്ചിയിൽ എത്തുന്നതിന് മുൻപാണോ ഇതെഴുതിയതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കരാർത്തൊഴിലാളികളുമായി ബന്ധപ്പെട്ട് മുൻപും കൊച്ചിൻ ഷിപ്പ്യാർഡിൽ സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.