തൃശ്ശൂർ: ''രാവിലെ ജോലി തുടങ്ങുന്നതിനുമുൻപായി കുറച്ചുനേരം സ്വച്ഛവായു ശ്വസിച്ച്, കടൽ കാണാനുള്ള ആഗ്രഹവുമായാണ് കപ്പൽത്തട്ടിലേക്ക് പോയത്. പെട്ടെന്ന് മിന്നൽപ്പിണർപോലെ തലയ്ക്കു മുകളിലൂടെ മിസൈലുകൾ. പകച്ചുപോയ നിമിഷങ്ങളിൽ എത്രയും വേഗം ജോലി ഉപേക്ഷിക്കാനുള്ള തോന്നലാണുണ്ടായത്. പേടിച്ചരണ്ട് താഴേക്കിറങ്ങിയപ്പോൾ പക്ഷേ, കപ്പലിന്റെ ഹൃദയതാളത്തിനൊപ്പം സാധാരണയെന്നപോലെ ജോലിയിൽ തുടരുന്ന സഹപ്രവർത്തകരെ കണ്ടു. ഞാനും അവർക്കൊപ്പം ചേർന്ന് ജോലി തുടർന്നു. എന്റെ ജോലി എന്തെന്ന് യഥാർഥത്തിൽ ബോധ്യമായ ദിവസമാണത്.'' -യു.എസ്.-ഇറാൻ യുദ്ധം രൂക്ഷമായിരുന്ന മാർച്ചിൽ ഹോർമുസ് കടലിടുക്കിന് സമീപം കുടുങ്ങിയ കപ്പലിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി ഹിഫ സലീം മറക്കാനാകാത്ത അനുഭവം പങ്കുവെച്ചു. മറൈൻ എൻജിനീയറായ ഹിഫ ജോലിയിൽ പ്രവേശിച്ചശേഷമുള്ള ആദ്യയാത്രയായിരുന്നു അത്.
24 വയസ്സുകാരിയായ ഹിഫ കഴിഞ്ഞ ഒക്ടോബറിലാണ് ട്രെയിനി ഓഫീസറായി യു.എസിലെ ഹൂസ്റ്റണിൽനിന്ന് സിങ്കപ്പൂർ ആസ്ഥാനമായ സിനർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലിൽ കയറിയത്. ഹോർമുസ് വഴി പലതവണ ഹിഫയുടെ കപ്പൽ സഞ്ചരിച്ചിരുന്നെങ്കിലും മാർച്ചോടെ കഥ മാറി. കുവൈത്തിലേക്കുള്ള കപ്പൽ ഹോർമുസ് കടക്കില്ലെന്ന് കമ്പനിയിൽനിന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ കപ്പൽ ഫുജൈറ തീരത്തിനടുത്ത് നങ്കൂരമിട്ടു. ഒരാഴ്ച പിന്നിട്ടിട്ടും മുന്നോട്ടുപോകാനുള്ള അനുമതി കിട്ടാതായതോടെ ഒടുവിൽ കപ്പൽ യു.എസിലേക്കുതന്നെ മടങ്ങി. അപകടമേഖല വിട്ടശേഷമാണ് വീട്ടുകാരോട് വിവരം പറഞ്ഞത്.
ആദ്യ കപ്പലിലെ ജോലി പൂർത്തിയാക്കിയ ഹിഫ ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥാനക്കയറ്റതസ്തികയിലേക്കുള്ള പരീക്ഷാപരിശീലനത്തിലാണ്. ഇതിനിടെ, അന്താരാഷ്ട്ര നാവികദിനമായ ജൂൺ 25-ന് സിനർജി കമ്പനി നടത്തിയ ലേഖനമത്സരത്തിൽ തന്റെ ആദ്യ യാത്രാനുഭവം പങ്കുവെച്ച് ഹിഫ ഒന്നാംസ്ഥാനത്തെത്തി. കമ്പനിക്ക് കീഴിലെ കപ്പലുകളിലെ ഇരുനൂറോളം ജീവനക്കാർ പങ്കെടുത്ത മത്സരത്തിലാണ് ഈ കന്നിക്കാരി കൈയടി നേടിയത്. തങ്ങളുടെ ഔദ്യോഗികപേജിൽ ഹിഫയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റും നാവികദിനത്തിൽ കമ്പനി നൽകി.
തൃശ്ശൂർ എടക്കഴിയൂർ സ്വദേശിയും വെഡ്ഡിങ് ഫോട്ടോഗ്രാഫറുമായ കുരിക്കലകത്ത് തൈപ്പറമ്പിൽ സലീമിന്റെയും ഷിജിതയുടെയും മകളാണ് ഹിഫ സലീം. പാലയൂർ സെയ്ന്റ് ഫ്രാൻസിസ് സ്‌കൂളിലും എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ സ്‌കൂളിലുമാണ് വിദ്യാഭ്യാസം. ഇന്ത്യൻ നേവി ഉദ്യോഗസ്ഥയാകണമെന്ന മോഹത്തിൽ തുടങ്ങിയ അന്വേഷണമാണ് മറൈൻ എൻജിനീയറിങ് പഠനത്തിലെത്തിച്ചത്. ഇന്ത്യൻ മറൈൻ യൂണിവേഴ്‌സിറ്റി ചെന്നൈ കാമ്പസിൽനിന്നാണ് കോഴ്‌സ് പൂർത്തിയാക്കിയത്.
Content Highlights: Marine engineer Hifa Salim recounts being trapped near the Hormuz Strait for a week., Witnessed missile strikes while on duty during the US-Iran conflict escalation in March., First voyage experience with Synergy Marine Group turned into a high-stakes survival situation., Won first place in an essay competition organized by Synergy Marine Group on International Maritime Day., Inspired by a dream to join the Indian Navy, currently pursuing career advancement training.
Published: 07 Jul 2026, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented