ജില്ലയിൽ നിർമ്മാണ നിരോധനത്തിന് കാരണമായ രണ്ട് ഉത്തരവുകൾ റദ്ദ് ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി

പൈനാവ്: ഇടുക്കിയിലെ പട്ടയങ്ങൾക്ക് തടസ്സമായി നിൽക്കുന്ന സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളിൽ അനുകൂല തീരുമാനമുണ്ടാക്കാൻ താൻ നേരിട്ട് ഇടപെടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ്. പ്രശ്നപരിഹാരം സർക്കാരിന്റെ പ്രഥമപരിഗണനയിലുള്ള കാര്യമാണ്. ജില്ലയിലെ ഭൂപ്രശ്‌നം ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കും. തടസ്സങ്ങളില്ലാത്ത അയ്യായിരത്തോളം പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യും. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങളിൽ അറുപത് ശതമാനത്തോളം കാര്യങ്ങളിലും തീരുമാനമെടുത്തിട്ടുണ്ട്. എളുപ്പത്തിൽ പരിഹരിക്കാനാവുന്ന വിഷയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സമയബന്ധിതമായി അവ തീർപ്പാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർവേനടപടികൾ വേഗത്തിലാക്കുന്നതിന് കൂടുതൽ ജീവനക്കാരെയും വാഹനമടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കും.
ഭൂമി കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായിത്തന്നെയാണ് കാണുന്നത്. കൈയ്യേറ്റം ഒരു കാരണവശാലും അനുവദിക്കില്ല. കുടിയേറ്റകർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സർക്കാർ കൂടെനിൽക്കും. ചെയിൻ മൂന്ന് മേഖലയിലെ പട്ടയം നൽകുന്നതു സംബന്ധിച്ച തടസ്സങ്ങൾ നീക്കാൻ കെ.എസ്.ഇ.ബി.യുമായി ചർച്ച നടത്തും. കുണ്ടള സാൻഡോസ് പ്രദേശത്തെ 222 തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് കെ.ഡി.എച്ച്. ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
ഉപയോഗിക്കാതെ കിടക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എ.മാരായ റോയി കെ.പൗലോസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് തുടങ്ങിയവർ പങ്കെടുത്തു.
ഇക്കാര്യങ്ങളിലും ഉറപ്പ്
- 29-ന് 1964 റൂൾ പ്രകാരമുള്ള പട്ടയ വിതരണം തടഞ്ഞ കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഈ ഉത്തരവ് പുനഃപരിശോധിക്കാനുള്ള നടപടി സ്വീകരിക്കും
- സി.എച്ച്.ആർ. കേസിൽ സുപ്രീം കോടതിയിൽ പ്രത്യേക അഭിഭാഷകനെ നിയമിക്കും. പ്രത്യേക യോഗം വിളിച്ച് ഈ കേസ് നടത്തിപ്പ് അവലോകനം ചെയ്യും.
- 5000 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും
- 10 ചെയിൻ, 3 ചെയിൻ മേഖലയിലെ പ്രശ്നം പരിഹരിക്കും
- ലാൻഡ് രജിസ്റ്ററിൽ ഏലം, പാറ, തേക്ക് പ്ലാന്റേഷൻ എന്നീ രേഖപ്പെടുത്തൽ മൂലം പട്ടയം നൽകാൻ കഴിയാത്ത കാഞ്ചിയാർ, അയ്യപ്പൻകോവിൽ, കട്ടപ്പന, തങ്കമണി, വാത്തികുടി, കൽകുന്തൻ പ്രദേശങ്ങളിലെ പട്ടയ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ ഉത്തരവുകൾ ഇറക്കും
- ഷോപ്പ് സൈറ്റുകളുടെ പട്ടയപ്രശ്നം, ഹിൽമെൻസെറ്റിൽമെന്റിലെ പ്രശ്നം എന്നിവയ്ക്ക് പരിഹാരം
- വനം റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി മാങ്കുളം പട്ടയപ്രശ്നങ്ങൾ പരിഹരിക്കും. റവന്യൂ ഭൂമി റിസർവ് വനങ്ങളാക്കി മാറ്റാൻ പാടില്ലെന്ന് തീരുമാനം.
- ഡിജിറ്റൽ സർവേയിലെ അപാകം പരിഹരിക്കാനും കരം അടക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കും.
- വിവിധ ഭൂ നിയമങ്ങൾ ഭേദഗതി ചെയ്യാനും തോട്ടഭൂമിയുടെ നിശ്ചിത ശതമാനം മറ്റ് ആവശ്യങ്ങൾക്ക് ( ഫ്രൂട്സ് കൃഷി ) ഉപയോഗിക്കുന്നതിനും അനുമതി
- ജില്ലയിൽ നിർമ്മാണ നിരോധനത്തിന് കാരണമായ 22-8-2019, 19-11-2019 ഈ രണ്ട് ഉത്തരവുകൾ റദ്ദ് ചെയ്യും.
- കുറ്റിയാർവാലിയിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എൽ.ഡി. ബോർഡിന്റെ ഭൂമി ഉപയോഗപ്പെടുത്തും.
- വന്യജീവി ശല്ല്യം തടയാൻ സമഗ്രമായ പദ്ധതി.
- ചിന്നക്കനാലിലെ പ്രശ്നക്കാരായ ആനകളെ നിന്ന് മാറ്റും.
- വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ ഉത്തരവ് പുനഃപരിശോധിക്കും
Content Highlights: Chief Minister VD Satheesan assured direct intervention to overcome court rulings obstructing land title (patta) distribution in Idukki. He confirmed that nearly 5,000 clear land titles will be distributed soon during a meeting in Painavu.
Published: 26 Sept 2026, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented