
അമ്പൂരിയിലെ മായം വാര്‍ഡില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ | Photo: Mathrubhumi
തിരുവനന്തപുരം: പ്രകൃതിഭംഗിയേറിയ മലയോരപ്രദേശമായ അമ്പൂരിയിലെ മായത്തേക്കായിരുന്നു 'മാതൃഭൂമി' നാട്ടുകൂട്ടത്തിന്റെ യാത്ര. തിരഞ്ഞെടുപ്പും സ്ഥാനാർഥികളും കഴിഞ്ഞ ജനപ്രതിനിധികളുടെ പ്രവർത്തനവും എല്ലാം മായം വാർഡിന്റെ മുക്കിലുംമൂലയിലും ചർച്ചയാണ്. കടത്തുവള്ളത്തിലും കടവിലും നാടിന്റെ ആവശ്യങ്ങളെക്കുറിച്ചും ആർക്ക് വോട്ട് നൽകണമെന്നും കൊടുംപിരികൊണ്ട സംവാദമാണ്.
മായത്തെ പുരവിമല കടവിനു സമീപം തൊഴിലുറപ്പിനെത്തിയവരും കടവിനോടു ചേർന്നുള്ള മാടക്കടയിലെ അപ്പച്ചനുമടങ്ങുന്ന സംഘം ഉച്ചയ്ക്കത്തെ ഇടവേളയിൽ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കുന്നു. 'തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തലമുറകളായി താമസിക്കുന്ന ഭൂമിയുടെ അവകാശം ഉറപ്പാക്കുന്ന പട്ടയം വേണം. എന്തെങ്കിലും ആവശ്യത്തിന് വസ്തു ഈടുനൽകി ഒരു വായ്പപോലും എടുക്കാനാവാത്ത സ്ഥിതിക്കു മാറ്റംവേണം.'- എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
പോളിങ് ബൂത്തിലെത്തുമ്പോൾ മനസ്സുപറയുംപോലെ വോട്ട് ചെയ്യുമെന്നാണ് തൊഴിലുറപ്പ് സംഘത്തിലെ ലീനയുടെ തീരുമാനം. 'ഇടുക്കി ജില്ലയിൽവരെ പട്ടയം വിതരണം ചെയ്തിട്ടും അഞ്ചുചങ്ങല പ്രദേശമെന്ന കാരണം പറഞ്ഞ് ഇവിടുള്ളവരെ ഒഴിവാക്കുന്നു. നെയ്യാർഡാമിന്റെ റിസർവോയറിനു ചുറ്റുമുള്ള പ്രദേശങ്ങളാണ് അഞ്ചുചങ്ങല എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ള മറ്റു സ്ഥലങ്ങളിലും പട്ടയം അനുവദിച്ചു. ഇതിനൊരു പരിഹാരം നൽകുമെന്ന് ഉറപ്പുള്ളയാൾ ജനപ്രതിനിധിയാകണം. 15 വർഷമായി നന്നാക്കാത്ത റോഡുള്ള പ്രദേശത്ത് മറ്റു വികസനങ്ങൾ വന്നിട്ട് എന്തുകാര്യമാണുള്ളതെന്ന്' മോളിയും ലിൻസിയും ചോദിക്കുന്നു.
'മായം വാർഡിലെ വള്ളക്കടവ് എ, ബി പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. കുറച്ച് കപ്പക്കൃഷിയുള്ളതിന് രാത്രി കാവലിരിക്കേണ്ട അവസ്ഥയാണ്. കപ്പയും കാച്ചിലും ചേമ്പും കാട്ടുപന്നി നശിപ്പിക്കും. തേങ്ങ, ചക്ക, മാങ്ങ തുടങ്ങിയവ കുരങ്ങുശല്യം കാരണം കിട്ടുന്നില്ല. കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യം ഒഴിവാക്കാൻ ജയിക്കുന്നവർ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് അന്നമ്മയുടെ ആവശ്യം.
76-കാരനായ അപ്പച്ചന്റെ വരുമാനം പുരവിമല കടവിലെ മാടക്കടയാണ്. നാരങ്ങാവെള്ളവും മിഠായിയുമാണ് കച്ചവടം. പട്ടയമില്ലാത്തതും മകനു വീടില്ലാത്തതുമാണ് ഈ വയോധികന്റെ വിഷമം. വരുമാനമാർഗവും ഗതാഗതയോഗ്യമായ റോഡുകളുമാണ് സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങളെന്നും ഇവയെല്ലാം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഇവർ പറയുന്നു.
കടവിന്റെ അക്കരെയുള്ള ആദിവാസി ഊരുകളിലെ റോഡുകൾ നവീകരിക്കണം. കുമ്പിച്ചൽക്കടവ് പാലം വന്നത് വലിയ സഹായമായെങ്കിലും അവിടെയുള്ളവർക്ക് അമ്പൂരിയിലേക്കു പോകാനുള്ള റോഡുകളുടെ അവസ്ഥ മോശമാണെന്ന് ഗീത. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ കഴിയണം. വരാൻപോകുന്ന ജനപ്രതിനിധികൾ ഇതൊക്കെ മനസ്സിലാക്കി പ്രവർത്തിക്കുമെന്നും ഗീത ആത്മവിശ്വാസത്തോടെ പറയുന്നു.
Content Highlights: Residents of Mayam Ward, Kerala, demand land pattayam and solutions for wildlife menace
Published: 29 Nov 2025, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented