
പൊയിനാച്ചി (കാസര്‍കോട്): തെക്കിൽ ഗ്രാമത്തിൽ പട്ടയം നൽകിയ ഒരേക്കർ അളന്നപ്പോൾ 90.75 സെന്റായതും ഈ ഭൂമിയുടെ പടിഞ്ഞാറുഭാഗത്തുള്ള 9.25 സെന്റിൽ അവകാശവാദം ഉയർന്നതും റവന്യൂ ഉദ്യോഗസ്ഥരെ വട്ടംകറക്കിയത് 10 വർഷം. വില്ലേജ് ഓഫീസർ മുതൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിവരെ വിയർത്തു. കേസ് ഹൈക്കോടതിയിലുമെത്തി. ഒടുവിൽ വസ്തുത കണ്ടെത്തി- ‘ക്ലറിക്കൽ മിസ്റ്റേക്ക്’.
ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് ആരോപണം ഉയർന്നതോടെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവുപ്രകാരം റവന്യൂ അണ്ടർ സെക്രട്ടറി രാഹുൽ എ.രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. ജൂൺ 28, 29 തീയതികളിൽ സംഘം കാസർകോട്ടെത്തി വിശദ പരിശോധനയും തെളിവെടുപ്പും നടത്തി. പരാതി ഒഴിവാക്കാൻ ജില്ലയിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി റവന്യൂ അസിസ്റ്റന്റ് ബി.സഹദ്, കോഴിക്കോട് സർവേ അസി. ഡയറക്ടർ ഓഫീസിലെ സർവേയർമാരായ എ.ശ്രീജിത്ത്, എൻ.കെ.ദിലീഷ് എന്നിവരുമായാണ് റവന്യൂ അണ്ടർ സെക്രട്ടറി എത്തിയത്.
30 പേജുള്ള അന്വേഷണ റിപ്പോർട്ട് അദ്ദേഹം സർക്കാറിന് സമർപ്പിച്ചു. ഭൂമിയുടെ വിസ്തീർണം കണക്കുകൂട്ടിയപ്പോൾ വന്ന ഒരു ക്ലറിക്കൽ പിശക് പിന്നീടുള്ള ഫയൽ നടപടികളിലും തുടർന്ന് പട്ടയത്തിലും എത്തിപ്പെട്ടതാണെന്നാണ് റിപ്പോർട്ടിലുള്ളത്. പട്ടയം നൽകിയത് ഒരേക്കറിനാണെങ്കിലും 90.75 സെന്റ് മാത്രമേയുള്ളൂവെന്നും തൊട്ടടുത്ത സർവേ നമ്പറിലുള്ള 9.25 സെന്റ് സർക്കാർ ഭൂമിയാണെന്നും സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്.
32 വർഷം മുൻപ് ലഭിച്ച പട്ടയം
തെക്കിൽ വില്ലേജിലെ സർവേ നമ്പർ 142/1ഇ-യിൽ 1992 ജൂണിൽ യു.ബി.ആയിഷയ്ക്ക് അനുവദിച്ച ഒരേക്കറിന്റെ പട്ടയമാണ് പൊല്ലാപ്പുണ്ടാക്കിയത്. 1960 മുതൽ കൈവശമുള്ളതാണ് ഈ സ്ഥലമെന്നാണ് കുടുംബത്തിന്റെ അവകാശവാദം. 2014-ൽ ആയിഷ സ്ഥലം ഭാഗംവെച്ചപ്പോൾ മകൻ ബി.എ.ഇസ്മയിലിന് 10 സെന്റ് നൽകി. തെക്കിൽ വില്ലേജ് ഓഫീസിൽ പോക്കുവരവ് നടത്താൻ പോയപ്പോൾ വില്ലേജ് ഓഫീസർ ഈ സ്ഥലം സർക്കാർഭൂമിയാണെന്ന് വ്യക്തമാക്കി നികുതി സ്വീകരിക്കാതിരുന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്.
സമീപത്തെ 142/1ഡി സർവേ നമ്പറിൽപ്പെടുന്ന 9.25 സെന്റ് തന്റെ മാതാവിന് പട്ടയം ലഭിച്ച ഒരേക്കറിൽപ്പെടുന്നതാണെന്നും അതുകൂടി ഉൾപ്പെടുത്തി സ്ഥലത്തിന്റെ സ്കെച്ച് പുതുക്കിനൽകണമെന്നും കാണിച്ച് ഇസ്മയിൽ കളക്ടർക്ക് അപേക്ഷ നൽകി.
കാസർകോട് അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിൽ താലൂക്ക് സർവേയർ അളന്നപ്പോൾ ഒരേക്കറില്ലെന്നും 90.75 സെന്റ് മാത്രമേ കൈവശമുള്ളൂവെന്നും റിപ്പോർട്ട് നൽകി. ഇതിനെതിരേ ഇസ്മയിൽ നൽകിയ പരാതിയാണ് 10 വർഷത്തെ അന്വേഷണത്തിലേക്കും ഇപ്പോഴത്തെ കണ്ടെത്തലിലേക്കും നീണ്ടത്.
Content Highlights: 9.25 cents in Patta land have disappeared due to clerikal mistake
Published: 28 Sept 2024, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented