തിരുവനന്തപുരം: തന്നെ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ പ്രതിപക്ഷനേതാവിന് കഴിയുന്നില്ലെന്നും പകരം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നിരത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു.

To advertise here,

ഇന്നലെ പ്രതിപക്ഷ നേതാവിനോട് ചില ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടി എന്ന മട്ടിൽ അദ്ദേഹം ചില കാര്യങ്ങൾ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിനുപോലും ദൗർഭാഗ്യവശാൽ അതിൽ ഉത്തരം കാണുന്നില്ല. പകരം വസ്തുതാവിരുദ്ധവും അബദ്ധജഡിലവുമായ കുറെ കാര്യങ്ങൾ നിരത്തുകയാണ്. ഞാൻ ഉന്നയിച്ച ഒരു വിഷയത്തിന് പോലും കൃത്യമായ മറുപടി പറയാൻ കഴിയാത്തതിനെ പരിതാപകരം എന്നേ വിശേഷിപ്പിക്കാനാകൂ. പ്രതിപക്ഷം എന്നാൽ നശീകരണ പക്ഷമാണ് എന്ന് സ്വയം വിശ്വസിക്കുന്നതിന്റെ ദുരന്തമാണ് ഇത്, മുഖ്യമന്ത്രി വിമർശിക്കുന്നു.

എന്തിനെയും എതിർക്കുക എന്നത് നയമായി സ്വീകരിച്ചവർക്ക് ഓരോ വിഷയത്തിലും സ്വീകരിച്ച നിലപാടുകളെ പിന്നീട് ന്യായീകരിക്കാൻ കഴിയില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നെന്നും മുഖ്യമന്ത്രി കുറിക്കുന്നു.

ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ നിലപാട് എന്ത്, ഇതിനുമുൻപ് സ്വീകരിച്ചതിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നതാണ് അക്കമിട്ടുള്ള ചോദ്യം. അവയ്ക്കുള്ള മറുപടി പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.

ലൈഫ്മിഷൻ, വിഴിഞ്ഞം, തുരങ്കപാത, ദേശീയപാത വികസനം, തീരദേശ ഹൈവേ, ക്ഷേമപെൻഷൻ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചത്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം ചില ചോദ്യങ്ങൾ തിരിച്ച് ചോദിക്കാനുണ്ടെന്നും അതിന് മറുപടി നൽകാൻ തയ്യാറുണ്ടോ എന്നും സതീശൻ ചോദിച്ചിരുന്നു. സംവാദത്തിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് സതീശൻ പറഞ്ഞിരുന്നു.