കണ്ണൂർ: തിങ്കളാഴ്ച കണ്ണൂരിൽ നടന്ന ഇടതുമുന്നണി പ്രചാരണറാലിയിൽ പങ്കെടുക്കാൻ പിണറായിയിലെ വീട്ടിൽനിന്ന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് പൈലറ്റ് വാഹനം ഏർപ്പെടുത്തുന്നതിൽ ധർമടം പോലീസിന് വീഴ്ച.
സംഭവത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിക്ക് പാതയൊരുക്കാൻ (റൂട്ട് ക്ലിയറൻസ്) പൈലറ്റ് വാഹനമുണ്ടായില്ലെന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തൽ. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രിയാണ് മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. തിങ്കളാഴ്ച വൈകിട്ട് കണ്ണൂരിൽ നടന്ന റാലി ഉദ്ഘാടനത്തിന് നാലുമണിക്ക് പിണറായിയിലെ വീട്ടിൽനിന്ന് പുറപ്പെടുമെന്നായിരുന്നു ധർമടം പോലീസിന് ലഭിച്ച സന്ദേശം. പക്ഷേ കണ്ണൂർ ഗസ്റ്റ് ഹൗസിൽ പോയി അവിടന്ന് റാലിക്ക് പോകാനായി മൂന്നേകാലിനുതന്നെ മുഖ്യമന്ത്രി പുറപ്പെട്ടു. ഇത് ധർമടം പോലീസ് അറിഞ്ഞില്ല. സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ പരിപാടിയുടെ നിശ്ചിതസമയത്തിന് ഒരുമണിക്കൂർ മുൻപുതന്നെ പോലീസ് ഒരുങ്ങിനിൽക്കാറുണ്ട്.
വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ മുഖ്യമന്ത്രിക്ക് പ്രത്യേക സുരക്ഷയൊരുക്കുന്ന ‘സിഎം എസ്കോർട്ടും’ മറ്റൊരു വാഹനവും മാത്രമായിരുന്നു ഒപ്പം. പൈലറ്റ് വാഹനമില്ലാതെ മുഖ്യമന്ത്രി യാത്ര തുടർന്നു. വിവരമറിഞ്ഞ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം താഴെചൊവ്വ ഭാഗത്തേക്ക് കുതിച്ചു.
റെയിൽവേ ഗേറ്റിന് സമീപത്ത് എത്തിയതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹവും അവിടെയെത്തി. തുടർന്നങ്ങോട്ട് ഗസ്റ്റ് ഹൗസ് വരെ ടൗൺ പോലീസ് അകമ്പടിയൊരുക്കി.
മുഖ്യമന്ത്രിയുടെ സുരക്ഷ
മുഖ്യമന്ത്രിക്ക് ഇസെഡ് പ്ലസ് സുരക്ഷയാണെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സുരക്ഷാവാഹന വ്യൂഹം കുറയ്ക്കും. ഇസെഡ് സുരക്ഷപ്രകാരം മുന്നിൽ രണ്ട് പൈലറ്റ് വാഹനം, അതുകഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ കാർ, പിന്നാലെ രണ്ട് എസ്കോർട്ട് വാഹനവും ഒരു വാനും ഒടുവിൽ ഒരു കാറും. അതായത് ഏഴ് വാഹനങ്ങൾ.
അതിലെല്ലാംകൂടി 35 മുതൽ 40 പേർ വരെയുള്ള സുരക്ഷാസംഘമുണ്ടാകും. രേഖപ്രകാരം ഇതാണെങ്കിലും യാഥാർഥ്യത്തിലാകുമ്പോൾ ഇരട്ടിയാകും.
മുഖ്യമന്ത്രിയെത്തുന്ന പ്രദേശത്തെ എസ്‌പിയും സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഡിവൈഎസ്‌പിമാരും സ്ഥലത്തെയും സമീപത്തെയും സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അകമ്പടിക്കെത്താറുണ്ട്.
Content Highlights: no pilot vehicle for cm police investigation
Published: 10 Dec 2025, 07:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented