കൊച്ചി: സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് സിനഡ്. സിറോ മലബാർ സഭാ സിനഡിൽ പങ്കെടുത്ത എല്ലാ മെത്രാന്മാരും ഒപ്പിട്ട സർക്കുലറാണ് വൈദികർക്ക് അയച്ചത്. ഇതോടെ സഭയിൽ ​ദീർഘകാലമായി നിലനിൽക്കുന്ന കുർബാന തർക്കത്തിന് പരിഹാരമായേക്കും.  

To advertise here,

സിറോ മലബാർ സഭാ സിനഡിന്റെ അവസാന ദിനമായ ജനുവരി 13-ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ സമ്മേളിച്ച സിനഡിൽ പങ്കെടുത്ത 49 മെത്രാന്മാരും ആർച്ച് ബിഷപ്പും ഒപ്പുവെച്ച സർക്കുലറാണ് ഇപ്പോൾ വൈദികർക്ക് അയച്ചിരിക്കുന്നത്.

2023 ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയുടെ ഏകീകൃത രീതിയിലുള്ള കുർബാന അർപ്പിക്കണമെന്ന്  ഫ്രാൻസിസ് മാർപ്പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെയും നേരത്തേ ആഹ്വാനം ചെയ്തിരുന്നു. സഭയിൽ നിലവിലുള്ള അഭിപ്രായ ഭിന്നതകൾ മറന്നുകൊണ്ട് മാർപ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.  

സിനഡിന്റെ അഭ്യർത്ഥനയും സർക്കുലറും വരുന്ന ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മദ്ധ്യേ വായിക്കേണ്ടതാണെന്നും അതിരൂപതയിലെ എല്ലാ വിശ്വാസികൾക്കും ലഭ്യമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.