കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള 'സത്യദീപം' സാഹിത്യപുരസ്‌കാരം ടി. പദ്മനാഭന് സമര്‍പ്പിച്ചു

കൊച്ചി: തനിക്കു പറയാനുള്ളത് ആരുടെയും മുഖം നോക്കാതെ പറയാൻ ആർജവമുള്ള എഴുത്തുകാരനാണ് ടി. പദ്മനാഭനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. 'സത്യദീപം' വാരികയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്‌കാരം ടി. പദ്മനാഭന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തെ വേറിട്ട കാഴ്ചപ്പാടുകളോടെ നോക്കിക്കണ്ട കഥാകാരനാണ് അദ്ദേഹം. ഈ അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കാനായതിലൂടെ താനും ആദരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖപ്രഭാഷണം നടത്തി. ഡിജിറ്റൈസ് ചെയ്തു തുടങ്ങിയ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം മന്ത്രി റോജി എം. ജോൺ നിർവഹിച്ചു.
സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എം.പി. പ്രകാശനം ചെയ്തു. എം.എൽ.എമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, അതിരൂപത വികാരി ജനറൽ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, പ്രൊഫ. എം. തോമസ് മാത്യു, സത്യദീപം ചീഫ് എഡിറ്റർ ഫാ. മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിങ്‌സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ, കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. ഡോ. കുര്യക്കോസ് മുണ്ടാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി എന്നിവർ പ്രസംഗിച്ചു.
സംവാദസദസ്സിൽ പി.എഫ്. മാത്യൂസ്, ജോണി ലൂക്കോസ്, ഫാ. ബോബി ജോസ് കട്ടികാട്, ഡോ. ജോർജ് ഇരുമ്പയം, ഫാ. ഡോ. പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ. മാത്യു കിലുക്കൻ തുടങ്ങിയവർ പങ്കെടുത്തു.
ആ പുരോഹിതന്റെ വാക്കുകൾ തനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്‌കാരം- ടി. പദ്മനാഭൻ
തന്റെ എഴുത്തിനെ 'ആത്മാവിന്റെ വിശുദ്ധമായ പ്രാർഥനകൾ' എന്ന് ഒരു ക്രിസ്തീയ പുരോഹിതൻ വിശേഷിപ്പിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്ന് ടി. പദ്മനാഭൻ പറഞ്ഞു. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്‌കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പദവികൾക്കും പണത്തിനുമപ്പുറം എഴുത്തിന്റെ സത്യസന്ധതയിൽ വിശ്വസിക്കുന്നയാളാണ് താൻ. മുൻപ് മൂന്നുലക്ഷം രൂപയുടെ വലിയ പുരസ്‌കാരം നിരസിച്ചിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണവും മരുന്നിനുള്ള പണം കണ്ടെത്താനുമായി പുരസ്‌കാരം സ്വീകരിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിന് എത്താൻ ഒരു മണിക്കൂർ വൈകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ചടങ്ങിന്റെ ഭാഗമായുള്ള സത്യദീപം സാഹിത്യപുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ കഥാകൃത്ത് ടി. പദ്മനാഭനോട് ക്ഷമ ചോദിച്ചപ്പോൾ മറുപടി പറയാതെ അദ്ദേഹം കൈകൾ കൂപ്പി. പിന്നീട് വീട്ടിലെത്തി കാണാമെന്ന് ടി. പദ്മനാഭനോട് ചെവിയിൽ പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
Published: 09 Aug 2026, 10:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented