കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിനായി 700 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബെംഗളൂരുവിലെ വ്യവസായിയായ ഗണശ്രാവണ്‍ ആണ് ക്ഷേത്രത്തിന് വന്‍തുക നല്‍കാന്‍ സന്നദ്ധതയറിയിച്ച് ഒരു വര്‍ഷം മുമ്പ് രംഗത്തെത്തിയത്. എന്നാല്‍, നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ മന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു.

To advertise here,

ഇത്ര വലിയ തുകയുടെ പദ്ധതിയ്ക്ക് കോടതിയുടെ അനുമതി തേടേണ്ടത് ആവശ്യമാണ്. ഇതിനായി ഒന്നാം തീയതി ഹൈക്കോടതിയില്‍ അപേക്ഷ കൊടുക്കാന്‍ ഇന്ന് ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കോടതിയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ്, ചീഫ് കമ്മിഷണര്‍ വേണുഗോപാല്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രനഗരിയാണ് പദ്ധതിലൂടെ വിഭാവനം ചെയ്യുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. മുന്നൂറ് കോടി രൂപ ചെലവിട്ട് ക്ഷേത്രത്തില്‍ സ്വര്‍ണ്ണം പതിപ്പിക്കും. 500 കിടക്കകളുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രി, റിങ് റോഡുകളുടെ നവീകരണം, രണ്ട് പാലം, ഡ്രെയിനേജ്‌, കരകൗശല വസ്തുക്കള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവയും പദ്ധതി രൂപരേഖയിലുണ്ട്.

കര്‍ണാടകയിലെ രത്‌നവ്യപാരിയായ ഗണശ്രാവണ്‍ നാല് വര്‍ഷം മുമ്പ് ബിസിനസില്‍ തിരിച്ചടി നേരിട്ടപ്പോഴാണ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് ബിസിനസില്‍ ഉയര്‍ച്ച ഉണ്ടായപ്പോള്‍, ലാഭത്തിന്റെ ഒരു ഭാഗം ചോറ്റാനിക്കര ക്ഷേത്ര നവീകരണത്തിനായി നീക്കി വെയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നവീകരിച്ച ക്ഷേത്രത്തിന്റെ രൂപരേഖ ഉള്‍പ്പെടെ ആദ്യഘട്ടത്തിലെ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ഇക്കഴിഞ്ഞ നവംബറില്‍ ഗണശ്രാവണ്‍ നേരിട്ടെത്തി നടത്തിയിരുന്നു.

Content Highlights: Chottanikkara Temple development Project