കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ വിശദീകരണം നല്‍കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. 

To advertise here,

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവരോട് ബുധനാഴ്ച ഹാജരാകാനണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്. 

സംസ്ഥാന ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറെയും കേസില്‍ കക്ഷിചേര്‍ത്തു. ചോറ്റാനിക്കര ക്ഷേത്രപരിസരം മലീമസമാണെന്ന പരാതിയില്‍ സ്വമേധയാ എടുത്ത ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ക്ഷേത്ര പരിപാലനത്തിലും ശുചീകരണത്തിലും ഗുരുതരമായ വീഴ്ചകള്‍ കോടതി നേരത്തേ കണ്ടെത്തിയിരുന്നു. അടുക്കളയുടെ പരിസരത്തടക്കം മാലിന്യം കെട്ടിക്കിടക്കുന്ന ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. നവകേരളം കര്‍മപദ്ധതി ജില്ലാ കോഡിനേറ്റര്‍ മാര്‍ച്ച് 11-ന് അയച്ച കത്തിലെ മിക്ക നിര്‍ദേശങ്ങളും ചോറ്റാനിക്കര ദേവസ്വം പാലിച്ചിട്ടില്ലെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്ലാസ്റ്റിക്കും ജൈവ മാലിന്യങ്ങളും തരംതിരിച്ച് സംഭരിക്കണമെന്നും മലിനജല ശുചീകരണ പ്ലാന്റും ഇന്‍സിനറേറ്ററും സ്ഥാപിക്കണമെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് അവഗണിച്ചത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി, പ്രശ്‌നപരിഹാരത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ കോടതി ഉത്തരവിട്ടത്.