കോഴിക്കോട്: 2018-നും 2021-നുമിടയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് വെള്ളരിമലയിലെ പാറയിലുണ്ടായ ചെറിയവിള്ളലാണ് ചൂരൽമലയിലെ വൻ നാശനഷ്ടംവിതച്ച ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്ന് പ്രമുഖ ജിയോളജിസ്റ്റും കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രൊഫസറുമായ ഡോ. കെ.എസ്. സജിൻകുമാർ. അന്നുണ്ടായ ചെറിയവിള്ളൽ 2024 ഏപ്രിലിൽ കാണാവുന്നവിധം വലുതായെങ്കിലും ആരും കണ്ടില്ല. പിന്നീട് അതിതീവ്രമഴപെയ്തതോടെ ജൂണിൽ മൂന്നുഗ്രാമങ്ങൾ ഒഴുകിപ്പോയ ഉരുൾപൊട്ടലുണ്ടാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അടിസ്ഥാനമാക്കി ഐഐഎമ്മിൽ നടന്ന ‘ദുരന്തപ്രതിരോധവും കാലാവസ്ഥ അനുയോജ്യവത്കരണവും’ എന്ന ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുണ്ടക്കൈയിലെ സീതമ്മക്കുണ്ടിന് തൊട്ടുമുകളിലുള്ള നല്ല കാഠിന്യമുള്ള പാറയിൽ ഉരുൾപൊട്ടിയൊഴുകിവന്ന പാറയും കല്ലും മണ്ണും മരങ്ങളും തട്ടിനിന്നതിനെത്തുടർന്നുണ്ടായ കുപ്പിക്കഴുത്താണ് ഡാമുപോലെ രൂപപ്പെടാനും വലിയ നാശമുണ്ടാവാനും കാരണം. കേരള സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡാമുപോലെ രൂപപ്പെട്ടിരുന്നില്ലെങ്കിൽ മൂന്നുഗ്രാമം നശിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാനുഷികമായ ഒരു ഇടപെടലും അവിടെയുണ്ടായിട്ടില്ല.
അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനുകാരണം. 586 മില്ലിമീറ്റർ മഴയാണ് രണ്ടുദിവസംകൊണ്ടുണ്ടായത്.
22,88,100 ട്രക്കിൽ കൊള്ളുന്നയത്ര കല്ലും മണ്ണുമാണ് ഉരുൾപൊട്ടലിൽ ഒഴുകിപ്പോയത്. മണ്ണൊലിച്ചു പോയതിൽമാത്രം 5720 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. എം. ബീനാഫിലിപ്പ് മുഖ്യാതിഥിയായി. മുന്നറിയിപ്പുസംവിധാനങ്ങൾ സമൂഹത്തിന്റെ ഘടനയുടെ ഭാഗമാവണമെന്ന് ചടങ്ങിൽ സംസാരിച്ച ഐഐഎം ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു.
പ്രകൃതി ശത്രുവല്ലെന്നും മനഷ്യന്റെ ഇടപെടലിനോട് പ്രതികരിക്കുന്നതാണ് ദുരന്തങ്ങളെന്നും എൻഐടി ഡയറക്ടർ പ്രൊഫ. പ്രസാദ്കൃഷ്ണ പറഞ്ഞു. നമുക്ക് ദുരന്തസൂചികവേണം. അപകടസാധ്യതയുള്ള സ്ഥലങ്ങൾ മാപ്പിങ് നടത്തി മുന്നറിയിപ്പുനൽകാൻകഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തനിവാരണരംഗത്ത് ജപ്പാന്റെ മാതൃക സ്വീകരിക്കണമെന്ന് കിയോ സർവകലാശാലയിലെ പ്രൊഫ. രാജീബ്ഷാ പറഞ്ഞു.
അവിടെ സ്വയംരക്ഷയ്ക്ക് ജനം സജ്ജരാണ്. ഭൂമികുലുക്കമുണ്ടായപ്പോൾ 98 ശതമാനംപേരെയും ജനങ്ങൾതന്നെയാണ് രക്ഷപ്പെടുത്തിയത്. രണ്ടുശതമാനംപേരെ മാത്രമാണ് മറ്റുസംവിധാനങ്ങൾവഴി രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഐഐഎം, എൻഐടി, ഐഐടി മുംബൈ, ജപ്പാനിലെ കിയോ സർവകലാശാല എന്നിവർചേർന്ന് തയ്യാറാക്കിയ വയനാട് ഉരുൾപൊട്ടലിന്റെ പഠനറിപ്പോർട്ടും ചടങ്ങിൽ പ്രകാശനംചെയ്തു.
ജപ്പാൻ കോബ് സിറ്റി കോളേജ് ഓഫ് നഴ്‌സിങ്ങിലെ പ്രൊഫ. സക്കിക്കോ കൻബറ, പ്രൊഫ. അനുപംദാസ്, പ്രൊഫ. സി. മുഹമ്മദ് ഫിറോസ്, പ്രൊഫ. ഷൈനി അനിൽകുമാർ എന്നിവർ സംസാരിച്ചു.
Content Highlights: A geologist reveals that small cracks in Vellarimala rock led to the Chooralmala landslide
Published: 07 Aug 2025, 09:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented