ചിറ്റൂര്‍(പാലക്കാട്): ചിറ്റൂര്‍റേഞ്ചിലെ ഷാപ്പില്‍നിന്നെടുത്ത കള്ളില്‍ വീണ്ടും ചുമമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. ആറാംഗ്രൂപ്പില്‍ ഉള്‍പ്പെട്ട പട്ടഞ്ചേരി നാവുക്കോട് ഷാപ്പില്‍നിന്നെടുത്ത സാംപിളിലാണ് ചുമമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ ഷാപ്പിലെ വില്പനക്കാരന്‍ പട്ടഞ്ചേരി ചെങ്ങിഴിവീട്ടില്‍ രാമകൃഷ്ണന്‍, ലൈസന്‍സി കുട്ടനാട് കൈനകരി വില്ലേജില്‍ സുജാത എന്നിവര്‍ക്കെതിരേയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.

To advertise here,

ചിറ്റൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന പി. അനീഷ് മോഹനും സംഘവും 2024 ജൂലായ് 26-ന് ശേഖരിച്ച കള്ളിന്റെ പരിശോധനാഫലം തിങ്കളാഴ്ചയാണ് പുറത്തുവന്നത്. എറണാകുളം റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ പരിശോധനയിലാണ് ചുമമരുന്നിന്റെ അംശം കണ്ടെത്തിയത്.

2024 ജൂണ്‍ 24നെടുത്ത സാംപിളുകളുടെ പരിശോധനാഫലം ഈവര്‍ഷം മാര്‍ച്ച് 18-ന് പുറത്തുവന്നിരുന്നു. അതില്‍ നാവുക്കോട് ഷാപ്പടക്കം 15 ഇടത്ത് കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, പരിശോധനാഫലം പുറത്തുവന്നപ്പോള്‍ ഷാപ്പ് ലൈസന്‍സി രമേശ് മരിച്ചിരുന്നു. പട്ടഞ്ചേരി ചൂഴിയോട് വീട്ടില്‍ സുമേഷ് കണ്‍വീനറായാണ് പിന്നീട് ഷാപ്പ് നടത്തിയത്. അതിനാല്‍ അന്ന് നടപടിയെടുത്തിരുന്നില്ല. ഒരുമാസത്തിനുശേഷമാണ് സുജാതയുടെ പേരിലേക്ക് ഷാപ്പിന്റെ ലൈസന്‍സ് മാറ്റിയത്.

ആറാംഗ്രൂപ്പില്‍ മോളക്കാടിനും നാവുക്കോടിനും പുറമേ പട്ടഞ്ചേരി, ചേന്തോണി, പ്ലാച്ചിമട തുടങ്ങിയ ഷാപ്പുകളാണുള്ളത്. രാസപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളും പ്രതികളുടെ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ടും സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും കമ്മിഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആറാംഗ്രൂപ്പില്‍ ഉള്‍പ്പെട്ട അഞ്ച് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി പൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. ബാലഗോപാലന്‍ പറഞ്ഞു.