തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ദിക്ഷലും കുടുംബവും കഴിഞ്ഞിരുന്നത് തീരെ സുരക്ഷിതമല്ലാത്ത വീട്ടിൽ. കെട്ടുറപ്പില്ലാത്ത ചുമരും മണ്ണുതറയും ഷീറ്റുമിട്ട വീട്ടിൽ ഇഴജന്തുക്കൾക്ക് കടക്കാൻ പ്രയാസമുണ്ടായിരുന്നില്ല.

To advertise here,

സമീപത്തെ ചതുപ്പും ചുറ്റുമതിലില്ലാത്ത വീടിന് സമീപത്തെ കുറ്റിക്കാടും ഇഴജന്തുക്കളുടെ സാന്നിധ്യത്തിന് കാരണമായി. വീടിനായി അപേക്ഷനൽകി കാത്തിരിക്കുകയായിരുന്നു കുടുംബം.

അമ്മൂമ്മയ്ക്കും അച്ഛന്റെ സഹോദരിയ്കും ഒപ്പമാണ് ദിക്ഷൽ ഉറങ്ങാൻ കിടന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ കാലിൽ എന്തോ കടിച്ചെന്ന് നിലവിളിച്ച് കുട്ടി എഴുന്നേറ്റതോടെയാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയിട്ടുണ്ട്.

അഴൂർ മൂലേൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. നോബിൾ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.