കോഴിക്കോട്: അരിയിൽ ഷൂക്കൂർ വധക്കേസിലെ സാക്ഷികൾക്ക് വലിയ ഭീഷണിയുണ്ടായിരുന്നതായി മന്ത്രി കെ.എം.ഷാജി. സാക്ഷികളെ കോടതിയിൽ എത്തിക്കുന്നതാണ് കണ്ണൂരിലെ പ്രധാനപ്പെട്ട വെല്ലുവിളിയെന്നും വിധിയെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

കണ്ണൂരിൽ സാക്ഷി പറയൽ വലിയ വെല്ലുവിളിയാണ്. സാക്ഷിപറയുന്ന ഘട്ടമാകുമ്പോൾ ആളുകളെ കാണാൻ കഴിയില്ല. ഇത് കണ്ണൂരിലെ ഒരു പ്രശ്നമാണ്. ഷുക്കൂർ കേസിലും സമാന അനുഭവം ഉണ്ടായി. സാക്ഷികൾക്ക് വലിയ ഭീഷണികളുണ്ടായിരുന്നു. സാക്ഷികളുടെ വീടുകളിൽപോയി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.

തുടക്കം മുതൽതന്നെ വളരെ സൂക്ഷ്മതയോടെയാണ് ഞങ്ങൾ കേസ് കൈകാര്യംചെയ്തതും സാക്ഷികളെ ഹാജരാക്കിയതും. അവസാന സാക്ഷിയെ പോലും ഹാജരാക്കാൻ തീവ്രയജ്ഞം നടത്തിയിരുന്നു. ഗൾഫിൽനിന്നുപോലും ആളുകളെ കൊണ്ടുവന്നിരുന്നു. കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജയരാജനും ടി.വി. രാജേഷിനും കൊലപാതക ഗൂഢാലോചനയിൽ നൂറു ശതമാനം പങ്കുണ്ടെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.