തിരുവനന്തപുരം: കേരള വികസനത്തിലെ ജനപങ്കാളിത്തത്തെ പ്രശംസിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിസംഘം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള സൗഹൃദം പങ്കുവെക്കാന്‍ ഇന്ത്യയിലെത്തിയ സംഘം കേരളത്തിലെ സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകം സന്ദര്‍ശിച്ചപ്പോഴായിരുന്നു പ്രശംസ.

To advertise here,

ചൈനീസ് നേതാക്കളായ ഹെമെങ്, ഷൗ ഗുവോഹി, ഗുവോ ഡോങ് ഡോങ് എന്നിവരെ സിപിഐ ദേശീയ എക്‌സിക്യുട്ടീവംഗം കെ. പ്രകാശ്ബാബു, മന്ത്രി ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് രചിച്ച പുസ്തകം സംഘം പ്രകാശ് ബാബുവിനു സമ്മാനിച്ചു.

ഭൂപരിഷ്‌കരണം, സമ്പൂര്‍ണ സാക്ഷരത, പൊതുവിതരണസമ്പ്രദായം, കാര്‍ഷികപുരോഗതി, പട്ടയവിതരണം, ഭവനനിര്‍മാണം, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യസംരക്ഷണം എന്നീ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ നേതാക്കള്‍ ചൈനീസ് സംഘത്തോട് വിവരിച്ചു. കേരളത്തിന്റെ രാഷ്ട്രീയചരിത്രവും വികസനത്തിലെ ജനകീയ പങ്കാളിത്തവുമൊക്കെ അന്താരാഷ്ട്രതലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നായിരുന്നു സംഘത്തിന്റെ മറുപടി.