ഇന്ത്യയിലെ വാഹന വിപണിയിൽ ആഴത്തിൽ സ്വാധീനമാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ, ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിർമാണ പ്ലാന്റ് നിർമിക്കുന്നതിന് ഇപ്പോഴും കമ്പനി വെല്ലുവിളികൾ നേരിടുകയാണ്. ഈ സാഹചര്യത്തിൽ കമ്പനിയുടെ ഇന്ത്യയിലെ അസംബ്ലി പ്ലാന്റ് വിപുലമാക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് ബിവൈഡി എന്നാണ് റിപ്പോർട്ട്.

To advertise here,

ചെന്നൈയിലാണ് ബിവൈഡിയുടെ അസംബ്ലി പ്ലാന്റ് നിലവിൽ സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഇപ്പോഴും പൂർണമായും വിദേശത്ത് നിർമിച്ച വാഹനങ്ങളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് പരിഹരിക്കുന്നതിനായി ചെന്നൈയിലെ പ്ലാന്റ് വിപുലമാക്കി പാർട്‌സുകൾ എത്തിച്ച് ഇന്ത്യയിൽ അസംബിൾ ചെയ്യാൻ ബിവൈഡി ശ്രമിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ബിവൈഡി വാഹനങ്ങൾക്ക് ആവശ്യക്കാർ വർധിച്ച് വരുന്നത് പരിഗണിച്ചാണ് ഈ നീക്കം.

നൂറുകണക്കിന് ബുക്കിങ്ങുകളാണ് ബിവൈഡിയുടെ വാഹനങ്ങൾക്ക് ഓരോ ഡീലർഷിപ്പുകളിലും എത്തുന്നത്. എന്നാൽ, ഈ ആവശ്യം നിറവേറ്റാൻ സാധിക്കുന്ന അത്രയും വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നില്ല. ഈ സാഹചര്യം മറികടക്കാൻ ഇന്ത്യയിൽ വാഹനങ്ങൾ അസംബിൾ ചെയ്യാൻ സാധിക്കണമെന്നാണ് നിർമാതാക്കളുടെ വിലയിരുത്തൽ. പ്ലാന്റ് തുടങ്ങുന്നതിനായുള്ള പ്രദേശിക സുരക്ഷ നിർദേശം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടാനുള്ള നീക്കത്തിലാണ് ബിവൈഡിയെന്നാണ് ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ. ഇവിടെ ഒരു ചൈനീസ് കമ്പനിക്ക് ഉയർന്ന സ്വാധീനം നേടാൻ സാധിച്ചിട്ടുണ്ടെങ്കിലും നയതന്ത്രപരമായ പ്രശ്‌നങ്ങളാണ് പ്രധാനമായി വെല്ലുവിളിയാകുന്നത്. 2025 മുതൽ ഇന്ത്യയും ചൈനയുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ നീക്കത്തിന് അംഗീകാരം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിൽ ബിവൈഡിക്കുള്ള സ്വാധീനം ശക്തമാകുന്നുണ്ടെങ്കിലും ചൈനയുടെ പുറത്തേക്ക് വിപണി വിപുലമാക്കേണ്ടത് ബിവൈഡിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ചൈനയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന സബ്‌സിഡികൾ വെട്ടിച്ചുരുക്കുകയും കൂടുതൽ കമ്പനികൾ ഈ മേഖലയിലേക്ക് എത്തുകയും ചെയ്തതോടെയാണ് വിപണി മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ബിവൈഡി ഉപയോഗപ്പെടുത്തുന്നത്.

 2025-ൽ ഇന്ത്യയിലെ വിൽപ്പനയിൽ 88 ശതമാനത്തിന്റെ വർധനവാണ് ബിവൈഡി കൈവരിച്ചിരിക്കുന്നത്. ആറ്റോ 3, ഇ-മാക്‌സ് 7, സീൽ, സീലിയോൺ 7 എന്നീ നാല് മോഡലുകളാണ് ബിവൈഡി നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. കമ്പനിയുടെ വാഹന നിരയിലേക്ക് താരതമ്യേന വില കുറഞ്ഞ ഒരു മോഡലും എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Source