വാഹനങ്ങളിൽ പുത്തൻ സാങ്കേതികവിദ്യകളും ഫീച്ചറുകളും ഒരുക്കുന്നതിൽ ഏറെ മുന്നിലാണ് ചൈന. ബിവൈഡിയുടെ വാഹനങ്ങൾ മുതൽ പല മോഡലുകളിലും സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കാണാൻ സാധിക്കും. വാഹനങ്ങളിലെ ഫീച്ചറുകളുടെ കാര്യത്തിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ഒരു ചൈനീസ് വാഹന നിർമാതാക്കളാണ് ഹ്യൂമൻ ഹൊറിസോൺ. ഇവരുടെ ഹിപ്പി ഇസഡ് എന്ന മോഡലിലെ ഒരു ഫീച്ചറിലൂടെയാണ് വാഹനം ശ്രദ്ധിക്കപ്പെടുന്നത്.

To advertise here,

ഇടത്-വലത് വശങ്ങളിലേക്ക് തിരിയുന്നതിനുള്ള മുന്നറിയിപ്പ് നൽകുന്ന ഇന്റിക്കേറ്ററുകൾ എല്ലാ വാഹനങ്ങളിലും കണ്ടിട്ടുള്ളതാണ്. എന്നാൽ യു ടേൺ എടുക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പ് നൽകുന്ന ഒരു ഇന്റിക്കേറ്ററാണ് ഈ വാഹനത്തിലേക്ക് ശ്രദ്ധ തിരിയാനുള്ള കാരണം. വശങ്ങളിലേക്കുള്ള ഇന്റിക്കേറ്ററിന് പകരം യു ടേൺ ചിഹ്നത്തിൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ലെഫ്റ്റ് ടേൺ ഇന്റിക്കേറ്ററിനൊപ്പം തന്നെയാണ് യു ടേൺ ഇന്റിക്കേറ്ററും തെളിയുന്നത്. വശങ്ങളിലേക്കുള്ള ഇന്റിക്കേറ്റർ ചെറുതാണെങ്കിലും യു ടേൺ വാണിങ് വളരെ വലുതായാണ് തെളിയുന്നത്. ഇത് ഒരുപക്ഷേ ആഫ്റ്റർ മാർക്കറ്റ് ആക്‌സസറിയായിരിക്കാമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ, കാഴ്ചയിൽ വാഹനത്തിൽ ഫാക്ടറി ഫിറ്റഡ് ആയി നൽകിയിട്ടുള്ള ഫീച്ചർ പോലെയാണ് ഇത് തോന്നിക്കുന്നത്. സ്വിച്ച് ഗിയറിലെ ഡബിൾ ടാപ്പിലൂടെ ഇത് പ്രവർത്തിപ്പിക്കാനാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും വാഹനങ്ങളിൽ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറാണിതെന്നാണ് കമന്റുകൾ. പിന്നാലെ വരുന്ന വാഹനങ്ങൾക്ക് മുന്നിലെ വാഹനം യു ടേൺ എടുക്കാൻ പോകുകയാണെന്ന് മുന്നറിയിപ്പ് നൽകുന്നതിലൂടെ സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുന്നുണ്ടെന്നാണ് അഭിപ്രായങ്ങൾ. ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനായി വാഹനങ്ങളിൽ യു ടേൺ ഇന്റിക്കേറ്ററുകൾ നൽകുന്ന ഗുണം ചെയ്യുമെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്.